പഞ്ചാബ് കിങ്‌സ് വിടാനുണ്ടായ കാരണം വെളിപ്പെടുത്തി കെഎൽ രാഹുൽ
ഐപിഎൽ മെഗാ താരലേലത്തിനു മുന്പായി പഞ്ചാബ് കിങ്‌സ് വിടാനുണ്ടായ കാരണം വെളിപ്പെടുത്തി കെഎൽ രാഹുൽ. ഏറെ ആലോചിച്ചാണ് ഈ തീരുമാനത്തിലെത്തിയതെന്നും ടീം വിടാനുള്ള തീരുമാനം തന്റേത് മാത്രമായിരുന്നെന്നും രാഹുൽ പറഞ്ഞു. വ്യത്യസ്തമായ അനുഭവങ്ങൾ തേടിയാണ് ടീം വിട്ടതെന്നും താരം കൂട്ടിച്ചേർത്തു.
‘പഞ്ചാബ് വിടാനുള്ള തീരുമാനം ഏറെ ശ്രമകരമായിരുന്നു. ഏറെ ആലോചിച്ചാണ് ഈ തീരുമാനത്തിലെത്തിയത്. നാല് വർഷമായി പഞ്ചാബിനൊപ്പമായിരുന്നു ഞാൻ. എല്ലാ സീസണുകളിലും മികച്ച പ്രകടനം തന്നെ പുറത്തെടുക്കാനുമായി. പക്ഷേ, പഞ്ചാബിന് അപ്പുറം എന്താണ് കാത്തിരിക്കുന്നതെന്ന് പരീക്ഷിക്കാൻ ഞാൻ തീരുമാനിക്കുകയായിരുന്നു. അങ്ങനെയാണ് എന്റെ പുതിയ യാത്രയ്ക്കു തുടക്കമായത്’ രാഹുൽ പറഞ്ഞു.
കഴിഞ്ഞ രണ്ടു സീസണുകളിലും പഞ്ചാബ് കിങ്സിനെ നയിച്ചത് രാഹുലായിരുന്നു. പക്ഷെ, രണ്ടു തവണയും ടീമിനെ പ്ലേ ഓഫിലെത്തിക്കാൻ രാഹുലിനായില്ല. പുതിയ സീസണിൽ ലഖ്‌നൗ ജയ്ന്റ്‌സിന്റെ നായകനാണ് രാഹുൽ. ഐപിഎല്ലിൽ ക്യാപ്റ്റനെന്ന നിലയിൽ രാഹുലിന്റെ വിജയ ശരാശരി 44 ശതമാനം മാത്രമാണ്.
