ജമ്മു കശ്മീരിൽ നിക്ഷേപ സാധ്യതകൾ തേടി സൗദി, യുഎഇ കമ്പനികൾ
ജമ്മു കശ്മീരിൽ നിക്ഷേപ സാധ്യതകൾ തേടി യുഎഇയിലെയും സൗദി അറേബ്യയിലെയും കമ്പനികൾ. ഇതിന്റെ ഭാഗമായി ഈ രാജ്യങ്ങളിൽ നിന്നുള്ള ഉന്നതതല ബിസിനസ് സംഘം കശ്മീർ സന്ദർശിച്ചു. ശനിയാഴ്ചയാണ് ഈ സംഘം ശ്രീനഗറിലെത്തിയത്. ഇന്ന് നടക്കുന്ന ഗൾഫ് ബിസിനസ് സമ്മിറ്റിൽ ഈ സംഘങ്ങൾ പങ്കെടുക്കും. ജമ്മു കശ്മീരിലെ നിക്ഷേപ സാധ്യതകൾ സമ്മിറ്റിൽ ചർച്ചയാവും. കശ്മീരിൽ നിക്ഷേപം നടത്താൻ യുഎഇ നേരത്തെ ധാരണയിലെത്തിയിരുന്നു. സൗദി അറേബ്യൻ കമ്പനി ആദ്യമായാണ് കശ്മീരിനെ നിക്ഷേപത്തിന് പരിഗണിക്കുന്നത്. 2019ൽ കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞ ശേഷം കശ്മീർ മേഖലയിൽ വന്ന വികസന പ്രവർത്തനങ്ങളും സുരക്ഷയും ചൂണ്ടിക്കാട്ടി നിക്ഷേപ സാധ്യതകൾ തുറക്കാനാണ് കശ്മീർ അധികൃതർ ശ്രമിക്കുന്നത്.
യുഎഇ, സൗദി, ഹോംകോങ് എന്നിവിടങ്ങളിൽ നിന്നായി 33 കമ്പനികളുടെ പ്രതിനിധികളാണ് കശ്മീരിലെത്തിയിരിക്കുന്നത്. യുഎഇയിലെ അൽ ഹഷെമി ഗ്രൂപ്പ്, എമിറേറ്റ് റോയൽ ഇന്റർനാഷണൽ ഗ്രൂപ്പ്, അൽ തയർ ഗ്രൂപ്പ്, തുടങ്ങിയ കമ്പനികളുടെ സിഇഒമാരാണ് കശ്മീരിലെത്തിയത്. സൗദിയിലെ ആൽഫ സ്കൈ ഗ്രൂപ്പിലെ പ്രതിനിധികളും കശ്മീരിലെത്തി. കശ്മീരിലെ വിവിധ സ്ഥലങ്ങൾ ഇവർ സന്ദർശിക്കും. ഹോസ്പിറ്റാലിറ്റി, ടൂറിസം മേഖലകളിലെ നിക്ഷേപമാണ് ഈ കമ്പനികൾ തേടുന്നത്.
∍കശ്മീർ സുരക്ഷിതമല്ലാത്ത സ്ഥലമാണെന്ന സങ്കൽപ്പം ഇല്ലാതാക്കാനുള്ള ശ്രമമാണിത്. സാധ്യതയുള്ള നിക്ഷേപകർ അവരുടെ പണം നിക്ഷേപിക്കാൻ ഉദ്ദേശിക്കുന്ന മനോഹരമായ സ്ഥലം നേരിൽ കാണണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. ഇത് കശ്മീരിനെക്കുറിച്ചുള്ള തെറ്റിദ്ധാരണ അവസാനിപ്പിക്കുകയും യഥാർത്ഥ കഥ പുറത്തു കൊണ്ട് വരികയും ചെയ്യും,∍ ജമ്മു കശ്മീർ ഇൻഡസ്ട്രീസ് ആന്റ് കൊമേഴ്സ് പ്രിൻസിപ്പൽ രജ്ജൻ പ്രകാശ് താക്കൂർ പറഞ്ഞു.
