കോവിഡ് ഭീതി; രണ്ട് താരങ്ങൾ കൂടി ഐപിഎല്ലിൽ നിന്ന് വിട വാങ്ങി


മുംബൈ: കോവിഡ് രണ്ടാം തരംഗം ഇന്ത്യയിൽ ആഞ്ഞടിക്കുന്നതിനാൽ ഐപിഎല്ലിൽ നിന്നും വിദേശ താരങ്ങൾ കൂടി നാട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചു. ബംഗളൂരു റോയൽ ചലഞ്ചേഴ്സിന്‍റെ ഓസ്ട്രേലിയൻ താരങ്ങളായ കെയ്ൻ റിച്ചാർഡ്സണ്‍, ആദം സാംപ എന്നിവരാണ് ടീമിനോട് അനുമതി വാങ്ങി നാട്ടിലേക്ക് തിരിച്ചുപോകുന്നത്. ഇരുവരും വ്യക്തിപരമായ കാര്യങ്ങളാൽ ടീം വിടുകയാണെന്ന് റോയൽ ചലഞ്ചേഴ്സ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ കോവിഡ് ഭീതി മൂലം ഐപിഎൽ ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങിയ ഓസീസ് താരങ്ങളുടെ എണ്ണം മൂന്നായി. ഞായറാഴ്ച രാജസ്ഥാൻ റോയൽസ് താരം ആൻഡ്രൂ ടൈയും ടൂർണമെന്‍റ് ഉപേക്ഷിച്ച് മടങ്ങിപ്പോയിരുന്നു. മൂവർക്കും പുറമേ പല വിദേശ താരങ്ങൾക്കും തിരിച്ച് എപ്പോൾ നാട്ടിലെത്താൻ കഴിയുമെന്ന ആശങ്കയുണ്ടെന്നാണ് വിവരം. കോവിഡ് വ്യാപനം രൂക്ഷമായതോടെ ഇന്ത്യയിൽ നിന്നുള്ള വിമാന സർവീസുകൾക്ക് പല രാജ്യങ്ങളും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നുണ്ട്. 

ഇതാണ് നാട്ടിലേക്ക് എപ്പോൾ മടങ്ങാൻ കഴിയുമെന്ന സംശയം വിദേശ താരങ്ങളിൽ ഉണ്ടാക്കുന്നത്. നേരത്തെ പരിക്കേറ്റ ഇംഗ്ലണ്ട് ഓൾറൗണ്ടർ ബെൻ സ്റ്റോക്സും കോവിഡ് ബയോ ബബ്ളിൽ മനംമടുത്ത് ലിയാം ലിവിംഗ്സ്റ്റണും നാട്ടിലേക്ക് മടങ്ങിയിരുന്നു. ഇരുവരും രാജസ്ഥാൻ റോയൽസ് താരങ്ങളാണ്. രോഗവ്യാപനം തീവ്രമായ സാഹചര്യത്തിൽ കുടുംബത്തിനൊപ്പം നിൽക്കാൻ ഐപിഎല്ലിൽ നിന്നും മടങ്ങുകയാണെന്ന് ഡൽഹി ക്യാപിറ്റൽസ് താരം ആർ.അശ്വിനും ഞായറാഴ്ച അറിയിച്ചിരുന്നു. മോശം സമയത്ത് കുടുംബത്തിനൊപ്പം താൻ ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്നതിനാൽ മടങ്ങുന്നുവെന്നാണ് അശ്വന്‍റെ വിശദീകരണം.

You might also like

Most Viewed