ഷുഐബ് അക്തറിനെതിരേ മാനനഷ്ടക്കേസ് ഫയൽ ചെയ്ത് തഫാസുൽ റിസ്വി


ഇസ്ലാമാബാദ്: തനിക്കെതിരേ അപകീർത്തിപരമായ പരാമർശങ്ങൾ നടത്തിയ മുൻ പാക് ബൗളർ ഷുഐബ് അക്തറിനെതിരേ മാനനഷ്ടക്കേസ് ഫയൽ ചെയ്ത് പാക് ക്രിക്കറ്റ് ബോർഡിന്റെ നിയമോപദേഷ്ടാവ് തഫാസുൽ റിസ്വി. 

അഴിമതിവിരുദ്ധ ചട്ടം ലംഘിച്ചതിന് പാക് താരം ഉമർ അക്മലിനെ പി.സി.ബി മൂന്നു വർഷത്തേക്ക് വിലക്കിയിരുന്നു. ഈ വിഷയത്തിൽ ഒരു യൂട്യൂബ് ഷോയിൽ പങ്കെടുക്കവെ റിസ്വിക്കെതിരേ മോശം പരാമർശങ്ങൾ നടത്തിയതാണ് അക്തറിന് വിനയായത്. അക്തറിനെതിരേ മാനനഷ്ടത്തിനും ക്രിമിനൽ കുറ്റത്തിനും നടപടികൾ ആരംഭിച്ചതായി തഫാസുൽ റിസ്വി തന്നെയാണ് മാധ്യമങ്ങളെ അറിയിച്ചത്. ഇതോടൊപ്പം സൈബർ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിക്കും റിസ്വി പരാതി നൽകിയിട്ടുണ്ട്. 

അതേസമയം ഉമർ അക്മൽ വിഷയത്തിൽ പ്രതികരണവുമായി അക്തർ ചെയ്ത ഒരു വീഡിയോയിലെ പരാമർശം പാകിസ്താൻ ബാർ കൗൺസിലിന്റെ അതൃപ്തിക്കും കാരണമായിട്ടുണ്ട്. രാജ്യത്തെ നിയമ സംവിധാനങ്ങളെ കുറിച്ച് സംസാരിക്കുമ്പോൾ അക്തർ വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണമെന്ന് ചൂണ്ടിക്കാട്ടി ബാർ കൗൺസിൽ പ്രസ്താവനയിറക്കുകയും ചെയ്തിട്ടുണ്ട്.

അതേസമയം വിഷയത്തിൽ പി.സി.ബിയും വിഷയത്തിൽ താരത്തിനെതിരേ പ്രതികരിച്ചിട്ടുണ്ട്. ബോർഡിന്റെ നിയമ വകുപ്പിനെയും നിയമോപദേഷ്ടാവിനെയും കുറിച്ച് പരസ്യമായി അഭിപ്രായപ്രകടനം നടത്തുന്നതിനായി അക്തർ മോശമായ വാക്കുകൾ തിരഞ്ഞെടുത്തതിൽ നിരാശയുണ്ടെന്ന് പി.സി.ബി പ്രസ്താവനയിൽ വ്യക്തമാക്കി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed