കോപ്പ ഫൈനൽ: സ്വന്തം നാട്ടിൽ കപ്പടിക്കാൻ ബ്രസീൽ
റിയോ : കോപ്പ അമേരിക്ക ഫൈനലിൽ ബ്രസീൽ ഇന്ന് പെറുവിനെ നേരിടും. ഗ്രൂപ്പ് ഘട്ടത്തിൽ പെറുവിനെ 5∠0നാണ് ബ്രസീൽ തകർത്തത്. ആ തോൽവിക്കു ശേഷമാണ് പെറു നന്നായത്. ക്വാർട്ടറിൽ യുറഗ്വായെ ഷൂട്ടൗട്ടിൽ മറികടന്ന അവർ സെമിയിൽ നിലവിലെ ജേതാക്കളായ ചിലെയെ 3∠0നു വീഴ്ത്തി. എന്നാൽ ടൂർണമെന്റിൽ 10 ഗോളുകൾ നേടുകയും ഒറ്റ ഗോൾ പോലും വഴങ്ങാതിരിക്കുകയും ചെയ്ത ബ്രസീൽ കിരീടസാധ്യതയിൽ കാതങ്ങൾ മുന്നിലാണ്. പരിശീലകൻ ടിറ്റെയുടെ കീഴിൽ ബ്രസീൽ ടീമിന്റെ ഉയിർത്തെഴുന്നേൽപിന്റെ ‘ഫൈനൽ’ ആയാണ് ആരാധകർ മൽസരത്തെ കാണുന്നത്. ടിറ്റെയ്ക്കു കീഴിൽ 42 മൽസരങ്ങളിൽ രണ്ടെണ്ണം മാത്രമാണ് ബ്രസീൽ തോറ്റത്. ‘ടിറ്റെയുടെ ടീമിൽ’ ഗോൾകീപ്പർ അലിസൻ ബെക്കർ ഉജ്വല ഫോമിലായി, ഡാനി ആൽവസ് മുന്നിൽ നിന്നു നയിക്കുന്ന ക്യാപ്റ്റനായി, ഫിലിപ്പെ കുടീഞ്ഞോയ്ക്ക് തന്റെ സ്വാഭാവിക ഗെയിം പുറത്തെടുക്കാനായി, എവർട്ടനെപ്പോലുള്ളവർ ഭാവിപ്രതീക്ഷകളായി. അങ്ങനെ സൂപ്പർ താരം നെയ്മറെ ആശ്രയിക്കാതെ തന്നെ സൂപ്പർ ടീമായി ബ്രസീൽ. പരുക്കേറ്റ വില്ലിയനു കളിക്കാനാവില്ല എന്നതാണ് ഫൈനലിനു മുന്പ് ബ്രസീലിന്റെ ടീം ക്യാന്പിൽ നിന്നുള്ള വാർത്ത. പകരം എവർട്ടൻ ഇത്തവണയും ആദ്യ ഇലവനിൽ ഇറങ്ങും.
പെറുവിന്റെ പ്രതീക്ഷകളത്രയും ക്യാപ്റ്റൻ പൗലോ ഗ്യുറെയ്റോയിലാണ്. ഗ്യുറെയ്റോയെ ബ്രസീലുകാർക്കും നന്നായറിയാം. കഴിഞ്ഞ ഏഴു വർഷമായി ബ്രസീലിയൻ ക്ലബ്ബുകൾക്കു വേണ്ടിയാണ് മുപ്പത്തിയഞ്ചുകാരൻ താരം കളിക്കുന്നത്. 2012 ഫിഫ ക്ലബ് ലോകകപ്പ് ഫൈനലിൽ ചെൽസിക്കെതിരെ കൊറിന്ത്യൻസിന്റെ വിജയഗോൾ നേടിയത് ഗ്യുറെയ്റോയായിരുന്നു. ടിറ്റെയ്ക്കു കീഴിൽ ബ്രസീൽ കൈവരിച്ച പുരോഗതിക്കു സമാനമാണ് അർജന്റീനക്കാരൻ കോച്ച് റിക്കാർഡോ ഗാർഷ്യയുടെ പരിശീലനത്തിൽ പെറുവിന്റേതും. 36 വർഷങ്ങൾക്കു ശേഷം കഴിഞ്ഞ ലോകകപ്പിന് പെറുവിന് യോഗ്യത നേടിക്കൊടുത്തത്, കളിക്കാലത്ത് ‘ടൈഗർ’ എന്നറിയപ്പെട്ട ഗാർഷ്യയുടെ തന്ത്രങ്ങളാണ്.

