താഹീറും ഡുമിനിയും ഏകദിന ക്രിക്കറ്റിൽ നിന്നും വിരമിച്ചു
മാഞ്ചസ്റ്റർ: ദക്ഷിണാഫ്രിക്കൻ താരങ്ങളായ ഇമ്രാൻ താഹീറും ജെപി ഡുമിനിയും ഏകദിന ക്രിക്കറ്റിൽ നിന്നും വിരമിച്ചു. ഏകദിന ലോകകപ്പ് ക്രിക്കറ്റിലെ അവസാന ലീഗ് പോരാട്ടത്തിൽ ഓസ്ട്രേലിയക്കെതിരെ 10 റൺസ് വിജയം നേടിയതിനു ശേഷമാണ് ഇരുവരും ഏകദിനത്തോട് വിടപറഞ്ഞത്. പോയിന്‍റ് പട്ടികയിൽ ഏഴാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്ക നേരത്തെതന്നെ സെമി കാണാതെ പുറത്തായിരുന്നു.
ഓൾഡ് ട്രാഫോർഡിലെ അഭിമാനപ്പോരാട്ടത്തിൽ ഓസ്ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ചിനെ പുറത്താക്കി താഹിർ ദക്ഷിണാഫ്രിക്കയ്ക്കു മേൽക്കൈ നൽകിയിരുന്നു. എന്നാൽ ഒന്പത് ഓവറിൽ 59 റൺസ് വിട്ടുകൊടുത്തു. ഡുമിനിക്ക് അവസാന മത്സരത്തിൽ തിളങ്ങാനായില്ല. അവസാന ഓവറുകളിൽ ബാറ്റിംഗിന് ഇറങ്ങിയ ഡുമിനിക്ക് 13 പന്തിൽ 14 റൺസ് എടുക്കാൻ മാത്രമാണ് സാധിച്ചത്. നാൽപ്പതുകാരനായ ലെഗ് സ്പിന്നർ താഹീർ 107 മത്സരങ്ങളിൽ നിന്ന് 173 വിക്കറ്റുകൾ സ്വന്തമാക്കിയിട്ടുണ്ട്. 45/7 ആണ് താഹീറിന്‍റെ ഏകദിനത്തിലെ മികച്ച പ്രകടനം. ജെപി ഡുമിനി ദക്ഷിണാഫ്രിക്കയ്ക്കായി 199 ഏകദിന മത്സരങ്ങളിലാണ് പാഡ് അണിഞ്ഞത്. 84.58 സ്ട്രൈക് റേറ്റിൽ 5117 റൺസ് നേടി. ദക്ഷിണാക്കൻ ഓൾറൗണ്ടറുടെ പേരിൽ 69 ഏകദിന വിക്കറ്റുകളുമുണ്ട്. 4/16 ആണ് മികച്ച ബൗളിംഗ് പ്രകടനം.

