അഫ്‌ഗാനെതിരായ ഇന്ത്യൻ ജയം; കോഹ്ലിയുടെ ക്യാപ്റ്റൻസിയെ പ്രശംസിച്ച് സച്ചിൻ


  

സതാംപ്‌ടൺ: ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയുടെ ക്യാപ്റ്റൻസിക്ക് മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെൻഡുൽ‍ക്കറുടെ പ്രശംസ. അഫ്‌ഗാനെതിരെ കോഹ്ലി നായകനെന്ന നിലയിലും ബാറ്റിംഗിലും മികവ് കാട്ടിയെന്നും ഒരിക്കൽ പോലും സമ്മർദ്ദത്തിലായില്ലെന്നും സച്ചിൻ പറഞ്ഞു.  

‘വിരാട് മത്സരത്തിൽ എപ്പോഴും ആത്മവിശ്വാസത്തിലായിരുന്നു. ഒരിക്കൽ പോലും പരിഭ്രാന്തിയിലോ ആശയക്കുഴപ്പത്തിലോ ആയില്ല. കോഹ്ലിയുടെ ശരീരഭാഷയും ഫൂട്ട് വർക്കും അത് വ്യക്തമാക്കി. ദുഷ്‌കരമായ പിച്ചിൽ കോഹ്ലി നന്നായി ബാറ്റ് ചെയ്തെന്നും സച്ചിൻ കൂട്ടിച്ചേർത്തു.  

അവസാന ഓവറിൽ ഷമിയുടെ ഹാട്രിക്കിൽ ഇന്ത്യ 11 റൺസിന് വിജയിക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് 50 ഓവറിൽ എട്ട് വിക്കറ്റിന് 224 റൺസാണ് നേടാനായത്. വിരാട് കോഹ്ലി (67), കേദാർ ജാദവ് (52) എന്നിവരാണ് ഇന്ത്യയെ വൻ‍വീഴ്‌ചയിലും കാത്തത്. രാഹുൽ (30), ധോണി (28), വിജയ് ശങ്കർ (29), രോഹിത് (1) എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ സ്‌കോർ. നൈബും നബിയും രണ്ട് വിക്കറ്റ് വീതം നേടി.

മറുപടി ബാറ്റിംഗിൽ ഷമി തുടക്കത്തിലെ ഓപ്പണർ ഹസ്‌റത്തുള്ളയെ (10) മടക്കി. നൈബ് (27), റഹ്‌മത്ത് (36), ഷാഹിദി (21), നജീബുള്ള (21) എന്നിവർ പുറത്തായെങ്കിലും അർദ്ധ സെഞ്ചുറിയുമായി മുഹമ്മദ് നബി അഫ്‌ഗാന് വിജയ പ്രതീക്ഷ നൽകി. എന്നാൽ 49−ാം ഓവറിൽ ബുമ്ര മത്സരം ഇന്ത്യയുടെ വരുതിയിലാക്കി. അവസാന ഓവറിൽ ഹാട്രിക്കുമായി ഷമി ഇന്ത്യയെ ജയിപ്പിച്ചു. അഫ്‌ഗാൻ 213 റൺസിൽ പുറത്തായി. ഷമി നാലും ബുമ്രയും ചാഹലും പാണ്ധ്യയും രണ്ട് വിക്കറ്റ് വീതവും നേടി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed