കോപ്പ അമേരിക്ക: ഗോൾ മഴയുമായി ബ്രസീൽ ക്വാർട്ടറിൽ


 

ബ്രസീലിയ: കോപ്പ അമേരിക്കയിൽ പെറുവിനെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് തകർത്ത് ബ്രസീൽ ക്വാർട്ടറിൽ കടന്നു. കഴിഞ്ഞ മത്സരത്തിൽ വെനസ്വേലയ്ക്കെതിരേ സമനില വഴങ്ങിയതിന്റെ നിരാശ തീർക്കുന്നതായി മഞ്ഞപ്പടയുടെ പ്രകടനം. മത്സരത്തിന്റെ തുടക്കം മുതൽ തന്നെ ആക്രമണം അഴിച്ചുവിട്ട ബ്രസീൽ പെറു പ്രതിരോധത്തെ നിഷ്പ്രഭമാക്കി.

കസെമിറോ, റോബർട്ടോ ഫിർമിനോ, എവർട്ടൺ സാന്റോസ്, ഡാനി ആൽവസ്, വില്ലിയൻ എന്നിവരാണ് ബ്രസീലിന്റെ സ്കോറർമാർ. ആദ്യ പകുതിയിൽ ബ്രസീൽ; മൂന്നു ഗോളുകൾക്ക് മുന്നിലായിരുന്നു.           

12−ാം മിനിറ്റിൽ കോർണറിലൂടെ കസെമിറോ ബ്രസീലിനെ മുന്നിലെത്തിച്ചു. ഏഴു മിനിറ്റുകൾക്ക് ശേഷം ഒരു നോ ലുക്ക് ഗോളിലൂടെ ഫിർമിനോ അവരുടെ ലീഡുയർത്തി. 32−ാം മിനിറ്റിൽ കുടീഞ്ഞ്യോയുടെ അസിസ്റ്റിൽ എവർട്ടൻ ഗോൾ നേട്ടം മൂന്നാക്കി ഉയർത്തി. പിന്നാലെ രണ്ടാം പകുതിയിൽ വില്ലിയനും ഡാനി അൽവസും മഞ്ഞപ്പടയുടെ ഗോൾ പട്ടിക പൂർത്തിയാക്കി. ഇതോടെ മൂന്ന് മത്സരങ്ങളിൽ നിന്ന് രണ്ട് വിജയവും ഒരു സമനിലയുമായി ഗ്രൂപ്പ് എ ജേതാക്കളായാണ് ബ്രസീൽ ക്വാർട്ടറിൽ കടന്നത്.

ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ബൊളീവിയയെ ഒന്നിനെതിരേ മൂന്നു ഗോളുകൾക്ക് തോൽപ്പിച്ച് വെനസ്വേല എ ഗ്രൂപ്പിൽ നിന്ന് ക്വാർട്ടറിലെത്തുന്ന രണ്ടാമത്തെ ടീമായി. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed