ഗർഭിണിയായ ഭാര്യയെ കൊലപ്പെടുത്തിയ യുവാവിന്റെ വധശിക്ഷ നടപ്പാക്കി സൗദി
സൗദി അറേബ്യയിൽ ഗർഭിണിയായ ഭാര്യയെയും ഗർഭസ്ഥ ശിശുവിനെയും കൊലപ്പെടുത്തിയ കേസിൽ സൗദി യുവാവിന്റെ വധശിക്ഷ നടപ്പാക്കി. അബ്ദുല്ല ബിൻ സാബിൻ ബിൻ മൂസിം അൽ മുതൈരിയുടെ വധശിക്ഷയാണ് നടപ്പാക്കിയത്.
ഭാര്യയായ സിറിയൻ സ്വദേശി ഖിതാം മുഹമ്മദ് അൽ ബുസൈരിയെ ഇയാൾ കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തുകയായിരുന്നു. നിരവധി തവണ ഇയാൾ ഭാര്യയെ കുത്തി. തുടർന്ന് യുവതിയും ഗർഭസ്ഥശിശുവും മരിച്ചു.
അൽ ഖസീം മേഖലയിലെ ഉനൈസ ഗവർണറേറ്റിലാണ് ഇവർ താമസിച്ചിരുന്നത്. പ്രതിയെ അറസ്റ്റ് ചെയ്ത സുരക്ഷാസേന തെളിവുകൾ കണ്ടെത്തുകയും കോടതിയിൽ ഇത് തെളിയിക്കുകയും ചെയ്തു.

