റാപ്പിഡ് ടെസ്റ്റ് സൗകര്യങ്ങൾ ഒരുക്കുന്നത് വരെ, കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കരുതെന്ന് സൗദി നോർക്ക ഹെൽപ്പ്ഡെസ്ക്ക്


ദമ്മാം: സൗദി അറേബ്യയിലെ നിലവിലെ സാഹചര്യങ്ങൾ വിശദീകരിച്ച്, കോവിഡ്−19  റാപ്പിഡ് ടെസ്റ്റ് സൗകര്യങ്ങൾ നടപ്പിലാക്കാൻ സൗകര്യങ്ങൾ ഒരുക്കാൻ വേണ്ടിവരുന്ന സമയം കണക്കിലെടുത്ത്, നാട്ടിലേയ്ക്ക് മടങ്ങുന്ന പ്രവാസികൾ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന ഉത്തരവ്, മൂന്നാഴ്ചത്തേയ്ക്ക് മരവിപ്പിയ്ക്കണമെന്ന്, കിഴക്കൻ പ്രവിശ്യയിലെ നോർക്ക ഹെൽപ്പ്ഡെസ്ക്ക് കേരളസർക്കാരിനോട് ആവശ്യപ്പെട്ടു.

നിലവിൽ റാപ്പിഡ് ടെസ്റ്റ് സൗദി അറേബ്യൻ ആരോഗ്യവകുപ്പ് അംഗീകരിച്ചിട്ടില്ല. അത് കൊണ്ട് തന്നെ ആശുപത്രികൾക്ക് നിയമപരമായി ഈ ടെസ്റ്റ് നടത്താനോ, കോവിഡ് നെഗറ്റീവ് നൽകുവാനോ കഴിയുകയില്ല. അതിനായി കേരളസർക്കാർ ഇന്ത്യൻ എംബസ്സിയുടെ സഹായത്തോടെ സൗദി ആരോഗ്യവകുപ്പുമായി നയതന്ത്രചർച്ചകൾ നടത്തി, യാത്രയ്ക്ക് വേണ്ടി റാപ്പിഡ് ടെസ്റ്റ് നടത്താനുള്ള ഉത്തരവ് നേടിയെടുക്കേണ്ടതുണ്ട്. ആശുപത്രികളിലും പോളിക്ലിനിക്കുകളിലും ടെസ്റ്റിങ്ങും സർട്ടിഫിക്കറ്റ് വിതരണവും നടത്താനായി കൃത്യമായ ഒരു സിസ്റ്റം ഉണ്ടാക്കേണ്ടിയിരിയ്ക്കുന്നു.കേരളസർക്കാർ, കേന്ദ്രസർക്കാർ, ഇന്ത്യൻ എംബസ്സി, സൗദി സർക്കാർ, സൗദി ആരോഗ്യവകുപ്പ്, വിവിധ ആശുപത്രികൾ എന്നിങ്ങനെ വിവിധവിഭാഗങ്ങളെ യോജിപ്പിച്ചു മാത്രമേ ഇത് നടപ്പാക്കാൻ കഴിയൂ.  ഇതിനൊക്കെ സമയം ആവശ്യമുണ്ട്.ഈ വസ്തുതകൾ  കണക്കിലെടുത്ത്, കേരളസർക്കാരിന്റെ നേതൃത്വത്തിൽ അടിയന്തരമായി ടെസ്റ്റിങ് സൗകര്യങ്ങൾ മൂന്നാഴ്ചക്കകം ഒരുക്കണമെന്നും, അത് വരെ  സൗദി അറേബ്യയിൽ നിന്നും വരുന്ന മലയാളി പ്രവാസികൾക്ക് വിമാനയാത്രക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാകണമെന്ന ഉത്തരവിൽ ഇളവ് നൽകണമെന്നും, നോർക്ക ഹെൽപ്പ്ഡെസ്ക്ക് മുഖ്യമന്ത്രിയ്ക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു.

സൗദി പ്രവാസികളുടെ ന്യായമായ ഈ ആവശ്യം കേരളസർക്കാർ  അടിയന്തരമായി അംഗീകരിയ്ക്കണമെന്ന് നോർക്ക ഹെൽപ്പ്ഡെസ്ക്ക് കൺവീനർ ആൽബിൻ ജോസഫ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ബിജു കല്ലുമല, പവനൻ മൂലക്കൽ, അലികുട്ടി ഒളവട്ടൂർ, എം.എ.വാഹിദ്, മുഹമ്മദ് ഹനീഫ അറബി, ബഷീർ ഉള്ളാനം, എം.കെ.ഷാജഹാൻ എന്നിവർ കത്തിലൂടെ ആവശ്യപ്പെട്ടു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed