സൗദിയിൽ കൊവിഡ് രോഗ ബാധിതനായ മലയാളിയുടെ ഭാര്യയും മകളും ഫ്ളാറ്റിൽ മരിച്ചനിലയിൽ

റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന മലയാളിയുടെ ഭാര്യയെയും മകളെയും മരിച്ചനിലയിൽ കണ്ടെത്തി. കോഴിക്കോട് കൊയിലാണ്ടി അരിക്കുളം സ്വദേശി വാളേരി ബിജുവിന്‍റെ ഭാര്യയായ മണിപ്പുർ സ്വദേശിനിയെയും ആറു മാസം പ്രായമായ കുഞ്ഞിനെയുമാണ് ഫ്ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവർക്കൊപ്പമുണ്ടായിരുന്ന ബിജുവിന്‍റെ പ്രായമായ അമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നാലു ദിവസം മുന്പ് ബിജു ആശുപത്രിയിൽ പോയതാണ്. പിന്നീട് വിവരങ്ങൾ ഒന്നും ലഭ്യമായിരുന്നില്ല. ഇതിനിടെ ബിജുവിന്‍റെ സഹോദരി നാട്ടിൽനിന്നും സുഹൃത്തുക്കളെ വിവരമറിയിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ബിജു മുവാസാത് ആശുപത്രിയിൽ വെന്‍റിലേറ്ററിൽ അത്യാസന്ന നിലയിൽ കഴിയുകയാണെന്ന വിവരം അറിയുന്നത്. മദീന എയർപോർട്ടിൽ എട്ടു വർഷത്തോളമായി ജോലി ചെയ്യുന്ന ബിജുവിനു അടുത്തിടെ ജോലി നഷ്ടമായിരുന്നു. ബിജുവിന്‍റെ ഭാര്യയെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.