പത്ത് ലക്ഷം തീർത്ഥാടകർ മദീനയോട് വിട ചൊല്ലി
മദീന : വിശുദ്ധ റമദാനിൽ ഉംറ നിർവ്വഹിക്കുന്നതിനും പ്രവാചക മസ്ജിദിൽ ചെലവഴിക്കുന്നതിനുമായി എത്തിയ വിദേശ തീർത്ഥാടകരുടെ മടക്കയാത്ര ആരംഭിച്ചു. 10 ലക്ഷത്തിലേറെ ഉംറ തീർത്ഥാടകർ അവരുടെ നാടുകളിലേക്ക് മടങ്ങിയതായി പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽഅസീസ് അന്താരാഷ്ട്ര വിമാനത്താവള അധികൃതർ വെളിപ്പെടുത്തി.
ലോകത്തിന്റെ അഷ്ടദിക്കുകളിൽ നിന്ന് 70 ലക്ഷം പേരാണ് ഈ സീസണിൽ ഉംറ വിസയിലെത്തിയതെന്നാണ് ഔദ്യോഗിക കണക്ക്. ഒരു മാസം ഇരു ഹറമുകളിലായി ചെലവഴിച്ച ആത്മീയ നിർവൃതിയിൽ സംതൃപ്തിയോടെ നാടുകളിലേക്ക് മടങ്ങുന്ന തീർത്ഥാടകരെ യാത്രയാക്കുന്നതിന് ഹജ്ജ് ഉംറകാര്യ മന്ത്രാലയം വിപുലമായ ഒരുക്കങ്ങളാണ് ഏർപ്പെടുത്തിയിരുന്നത്. ഓരോരുത്തർക്കും സംസം വെള്ളവും അജ്വ ഈത്തപ്പഴവും പനിനീർ പുഷ്പവും അടങ്ങുന്ന സമ്മാനപ്പൊതിയും മധുര പലഹാരങ്ങളും നൽകിയാണ് ഹജ്ജ് ഉംറ മന്ത്രാലയ ഉദ്യോഗസ്ഥർ യാത്രയാക്കിയത്.
പ്രത്യേകം പ്രാർത്ഥിക്കണമെന്ന് അഭ്യർത്ഥിച്ചും ആശ്ലേഷിച്ചും തങ്ങളെ യാത്രയാക്കുന്നതിൽ തീർഥാടകരിൽ പലരും ആനന്ദക്കണ്ണീർ പൊഴിച്ചു. തീർത്ഥാടകരെ രാജ്യത്തേക്ക് സ്വാഗതം ചെയ്തപ്പോഴും സമാനമായ രീതിയിൽ ഊഷ്മളമായ വരവേൽപ്പ് നൽകിയിരുന്നു.
ഈ ഉംറ സീസണിൽ മദീന അന്താരാഷ്ട്ര വിമാനത്താവളം വഴി പത്ത് ലക്ഷത്തിലേറെ തീർത്ഥാടകർ രാജ്യത്ത് പ്രവേശിച്ചുവെന്ന് ഹജ്ജ് ഉംറ മന്ത്രാലയത്തിലെ സന്ദർശന വിഭാഗം മേധാവി മുഹമ്മദ് അബ്ദുറഹ്മാൻ അൽബൈജാവി പറഞ്ഞു. ഈ മാസം അവസാനിക്കുന്നത് വരെ തീർഥാടകരുടെ ഒഴുക്ക് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.



