വോട്ടെണ്ണൽ അരികിൽ; അന്തിമ ഒരുക്കങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ
ഷീബ വിജയൻ I കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടെണ്ണലിന് ഇനി അഞ്ച് ദിവസം മാത്രം ബാക്കി നിൽക്കെ, ക്രമീകരണങ്ങൾ പൂർത്തിയാക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ സജ്ജമായി. വോട്ടെണ്ണൽ ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥർക്കുള്ള അവസാനഘട്ട പരിശീലനം വെള്ളിയാഴ്ചയോടെ പൂർത്തിയാകും. ജൂൺ നാലിനാണ് വോട്ടെണ്ണൽ നടക്കുന്നത്. അന്ന് രാവിലെ ആദ്യം പോസ്റ്റൽ ബാലറ്റുകളും തുടർന്ന് ഇവിഎമ്മിലെ വോട്ടുകളും എണ്ണിത്തുടങ്ങും.
ഇവിഎമ്മുകളുടെ എണ്ണത്തിന് അനുസരിച്ചാണ് കൗണ്ടിംഗ് ഹാൾ ക്രമീകരിക്കുന്നത്. ഒരു ഹാളിൽ ഏഴ് മുതൽ 14 വരെ മേശകൾ ഒരുക്കും. ഓരോ മേശയ്ക്കും സമീപം ബാരിക്കേഡുകൾക്ക് പിന്നിലായി രാഷ്ട്രീയ പാർട്ടികളുടെ കൗണ്ടിംഗ് ഏജന്റുമാർക്ക് വോട്ടെണ്ണൽ നിരീക്ഷിക്കാൻ പ്രത്യേക സൗകര്യമുണ്ടാകും. പോസ്റ്റൽ വോട്ടുകൾ എണ്ണുന്നിടത്തും സമാനമായ രീതിയിൽ ഏജന്റുമാർക്ക് നിരീക്ഷണത്തിന് അവസരം നൽകും. ഓരോ വോട്ടെണ്ണൽ ഹാളിന്റെയും മേൽനോട്ട ചുമതല ഒരു ഉപവരണാധികാരിക്കായിരിക്കും.
പോസ്റ്റൽ ബാലറ്റുകളുടെ കാര്യത്തിൽ കർശന നിർദ്ദേശങ്ങളാണ് കമ്മീഷൻ നൽകിയിട്ടുള്ളത്. വോട്ടെണ്ണൽ ആരംഭിക്കാൻ നിശ്ചയിച്ചിട്ടുള്ള സമയത്തിന് ശേഷം ലഭിക്കുന്ന ബാലറ്റുകൾ യാതൊരു കാരണവശാലും പരിഗണിക്കില്ല. ഇവ തുറക്കാതെ തന്നെ പ്രത്യേക പാക്കറ്റിലാക്കി സീൽ ചെയ്യും. കൂടാതെ, കൃത്യമായ സത്യപ്രസ്താവന ഇല്ലാത്തതും ഒപ്പ് രേഖപ്പെടുത്താത്തതുമായ ബാലറ്റുകൾ നിരസിക്കാൻ വരണാധികാരിക്ക് അധികാരമുണ്ടായിരിക്കും. മൈക്രോ ഒബ്സർവർമാർ, കൗണ്ടിംഗ് സൂപ്പർവൈസർമാർ എന്നിവർക്കുള്ള പരിശീലനം നിലവിൽ പുരോഗമിക്കുകയാണ്.
aa



