ബഹ്‌റൈൻ കിരീടാവകാശിയും യുഎസ് അംബാസഡറും കൂടിക്കാഴ്ച നടത്തി; ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താൻ തീരുമാനം
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ, ബഹ്‌റൈനിലെ യുഎസ് അംബാസഡർ സ്റ്റെഫാനി എൽ. ഹാലറ്റുമായി ഗുദൈബിയ കൊട്ടാരത്തിൽ കൂടിക്കാഴ്ച നടത്തി. ബഹ്‌റൈനും അമേരിക്കയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തവും അതിന്റെ തുടർച്ചയായ വികസനവും കൂടിക്കാഴ്ചയിൽ ചർച്ചയായി.
പരസ്പര പ്രതിബദ്ധതയിൽ അധിഷ്ഠിതമായ ഈ ബന്ധം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാൻ ബഹ്‌റൈൻ താൽപ്പര്യപ്പെടുന്നുവെന്ന് കിരീടാവകാശി വ്യക്തമാക്കി. അടുത്തിടെ ഒപ്പുവെച്ച കോംപ്രിഹെൻസീവ് സെക്യൂരിറ്റി ഇന്റഗ്രേഷൻ ആൻഡ് പ്രോസ്പിരിറ്റി എഗ്രിമെന്റ് (C-SIPA) ഉൾപ്പെടെയുള്ള കരാറുകളുടെ അടിസ്ഥാനത്തിൽ സഹകരണം ശക്തമാക്കും.
മേഖല നേരിടുന്ന സുരക്ഷാ വെല്ലുവിളികളെ നേരിടുന്നതിൽ അമേരിക്ക വഹിക്കുന്ന ചരിത്രപരമായ പങ്കിനെ കിരീടാവകാശി പ്രശംസിച്ചു. ഇറാൻ നടത്തിയ ആക്രമണങ്ങൾക്കെതിരെയുള്ള പ്രതിരോധം ഉൾപ്പെടെയുള്ള വിഷയങ്ങൾ അദ്ദേഹം സൂചിപ്പിച്ചു. പ്രാദേശികവും അന്തർദേശീയവുമായ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കാൻ ഇരുരാജ്യങ്ങളും തമ്മിലുള്ള ഏകോപനം തുടരേണ്ടതിന്റെ പ്രാധാന്യം യോഗം അടിവരയിട്ടു.
ഷെയ്ഖ് ഈസ ബിൻ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ, കാബിനറ്റ് കാര്യ മന്ത്രി ഹമദ് ബിൻ ഫൈസൽ അൽ മാൽക്കി തുടങ്ങിയ മുതിർന്ന ഉദ്യോഗസ്ഥരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
aa



