ലോഡ്ഷെഡിങ് നീളില്ല; കെഎസ്ഇബിക്ക് ആശ്വാസമായി കൂടംകുളം വൈദ്യുതി എത്തിത്തുടങ്ങി


ഷീബ വിജയൻ I കേരളം

തിരുവനന്തപുരം: സംസ്ഥാനത്ത് ഏർപ്പെടുത്തിയ ലോഡ്ഷെഡിങ് അധികകാലം തുടരേണ്ടി വരില്ലെന്ന് കെഎസ്ഇബി. കഴിഞ്ഞ ദിവസം തടസ്സപ്പെട്ട കൂടംകുളം നിലയത്തിൽ നിന്നുള്ള 200 മെഗാവാട്ട് വൈദ്യുതി തിരികെ ലഭിച്ചു തുടങ്ങിയതാണ് ബോർഡിന് ആശ്വാസമായത്. ഇതോടെ നിലവിലെ വൈദ്യുതി കമ്മിയുടെ തോത് ഗണ്യമായി കുറഞ്ഞിട്ടുണ്ട്.


വൈദ്യുതി ക്ഷാമം പരിഹരിക്കാനായി പവർ എക്സ്ചേഞ്ച് വഴി 150 മെഗാവാട്ട് വൈദ്യുതി നിലവിൽ ലഭ്യമാക്കിയിട്ടുണ്ട്. ഇതിനുപുറമെ, പവർ എക്സ്ചേഞ്ച് വഴി അപേക്ഷിച്ച 250 മെഗാവാട്ട് വൈദ്യുതി കൂടി മെയ് ആദ്യവാരത്തോടെ പൂർണ്ണമായി ലഭിച്ചു തുടങ്ങും. മെയ് മാസത്തിൽ ഉഷ്ണതരംഗ സാധ്യതയുണ്ടെങ്കിലും, അധിക വൈദ്യുതി എത്തുന്നതോടെ ആ സാഹചര്യം സുഗമമായി മറികടക്കാൻ കഴിയുമെന്നാണ് കെഎസ്ഇബിയുടെ കണക്കുകൂട്ടൽ.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വേനൽമഴ തുടങ്ങിയത് അനുകൂല സൂചനയായി കെഎസ്ഇബി കാണുന്നു. ചൂട് കുറയുന്നതോടെ വൈകുന്നേരങ്ങളിലെ വൈദ്യുതി ഉപഭോഗത്തിൽ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷ. നിലവിൽ വൈകിട്ട് 6 മണി മുതൽ രാത്രി 12 മണി വരെയുള്ള സമയത്താണ് അരമണിക്കൂർ വരെ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.


വൈദ്യുതി വിതരണ ശൃംഖലയുടെ തകരാർ ഒഴിവാക്കാനാണ് ഔദ്യോഗികമായി നിയന്ത്രണം ഏർപ്പെടുത്തിയതെന്ന് കെഎസ്ഇബി വിശദീകരിച്ചു. മുൻകൂട്ടിയുള്ള തയ്യാറെടുപ്പുകളിൽ വീഴ്ചയുണ്ടായെന്ന് റെഗുലേറ്ററി കമ്മീഷൻ വിമർശിക്കുമ്പോൾ, പ്രകൃതിയുടെ ചതിയാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നാണ് അധികൃതരുടെ നിലപാട്. ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാനുള്ള അനുമതി ലഭിച്ചിട്ടുണ്ടെങ്കിലും വിപണിയിലെ ലഭ്യതക്കുറവ് വെല്ലുവിളിയായി തുടരുന്നുണ്ട്. ഇക്കാര്യത്തിൽ നാളെയോടെ അന്തിമ തീരുമാനമുണ്ടാകും.

article-image

aa

You might also like

  • Lulu Exchange
  • Straight Forward

Most Viewed