സ്വദേശികൾക്ക് ചില്ലറ വിൽപ്പന മേഖലയിൽ ജോലി കണ്ടെത്തുമെന്ന് സൗദി
റിയാദ് : തൊഴിൽരഹിതരായ പരമാവധി സ്വദേശികൾക്ക് ചില്ലറ വിൽപ്പന മേഖലയിൽ ജോലി കണ്ടെത്തുമെന്ന് സൗദി തൊഴിൽ മന്ത്രാലയം അറിയിച്ചു. 2022 ആകുന്പോഴേക്കും പുതുതായി പന്ത്രണ്ട് ലക്ഷം സ്വദേശികൾക്ക് ജോലി കണ്ടെത്തുകയാണ് ലക്ഷ്യമെന്ന് സൗദി തൊഴിൽ സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ഇത് ചില്ലറ വിൽപ്പന മേഖലയിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് തിരിച്ചടിയാവും.
നാല് വർഷം കൊണ്ട് തൊഴിലില്ലായ്മ നിരക്ക് ഒന്പത് ശതമാനമായി കുറയ്ക്കും. സ്വദേശികൾക്ക് ചില്ലറ വിൽപ്പന മേഖലയിൽ കൂടുതൽ അവസരങ്ങൾ കണ്ടെത്തുമെന്ന് മന്ത്രാലയം അണ്ടർ സെക്രട്ടറി അഹമദ് ഖത്താൻ പറഞ്ഞു. തൊഴിൽ രഹിതരിൽ ഭൂരിഭാഗവും ഉന്നത വിദ്യാഭ്യാസം ലഭിക്കാത്തവർ ആയതിനാൽ റീട്ടെയിൽ മേഖലയാണ് അവർക്ക് കൂടുതൽ നല്ലതെന്ന് അദ്ദേഹം പറഞ്ഞു. സൗദി യുവാക്കളെയും യുവതികളെയും ആകർഷിക്കാൻ നിരവധി പദ്ധതികൾ മന്ത്രാലയം ആസൂത്രണം ചെയ്തിട്ടുണ്ട്.
അടുത്ത സപ്റ്റംബർ മുതൽ പന്ത്രണ്ട് മേഖലകളിൽ കൂട് സന്പൂർണ സ്വദേശിവൽക്കരണം നടപ്പിലാക്കുമെന്ന് മന്ത്രാലയം നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഫർണീച്ചർ, വാഹന സ്പെയർ പാർട്സുകൾ, വാച്ച്, കണ്ണട, പലഹാരങ്ങൾ, റെഡിമെയ്ഡ് വസ്ത്രങ്ങൾ തുടങ്ങിയവ വിൽക്കുന്ന കടകൾ ഇതിൽ പെടും. മലയാളികൾ ഉൾപ്പെടെ വിദേശികൾ ആണ് നിലവിൽ ഈ മേഖലകളിൽ ജോലി ചെയ്യുന്നവരിൽ ഭൂരിഭാഗവും. ജ്വല്ലറി, മൊബൈൽ ഫോൺ എന്നീ മേഖലകളിൽ നേരത്തെ സന്പൂർണ സൗദിവൽക്കരണം നടപ്പിലാക്കിയിരുന്നു.

