സൗദിയിൽ ഒരു റിയാൽ നോട്ടിന് പകരം നാണയം വരുന്നു
ജിദ്ദ : സൗദിയിൽ ഒരു റിയാലിന്റെ നോട്ടിന് പകരം നാണയം പുറത്തിറക്കുന്നു. ബാങ്കുകളുമായി സഹകരിച്ച് ഘട്ടം ഘട്ടമായി നോട്ട് വിപണിയിൽ നിന്ന് പിൻവലിച്ച ശേഷം പകരം നാണയങ്ങൾ ഇറക്കാൻ പദ്ധതി ആവിഷ്‌കരിച്ചതായി സൗദി മോണിറ്ററി ഏജൻസി നാണയ വിഭാഗം മേധാവി വലീദ് അൽസയാൽ അറിയിച്ചു.
നിലവിലുള്ള നോട്ടുകളിൽ 49 ശതമാനം ഒരു റിയാൽ ആണുള്ളത്. പൊതുജനങ്ങൾക്കിടയിൽ കൈമാറി പ്പോകുന്നതിനാൽ പലപ്പോഴും ഇതു ബാങ്കുകളിൽ എത്താറുമില്ല. അതിനാൽ കാലങ്ങളോളം ഈ നോട്ടുകൾ വിപണിയിൽ കറങ്ങിക്കൊണ്ടിരിക്കുകയാണ് −അദ്ദേഹം പറഞ്ഞു.
2016 ലാണ് സൽമാൻ രാജാവിന്റെ ചിത്രമുള്ള നാണയങ്ങളുടെ പുതിയ ശ്രേണി സാമ പുറത്തിറക്കിയത്. 5, 10, 25, 50, ഒന്ന്, രണ്ട് നാണയങ്ങളാണ് അന്ന് പുറത്തിറക്കിയത്. നാണയങ്ങൾ 25 വർഷം വരെ ഉപയോഗിക്കാമെന്നും നോട്ടുകൾ 18 മാസം വരെ മാത്രമേ ശരിയായ രീതിയിൽ ഉപയോഗിക്കാനാവൂവെന്നും സാമ അറിയിച്ചു.
