വിദേശ തൊഴിലാളികൾക്ക് ലെവി ഏർപ്പെടുത്തിയ നടപടിയിൽ മാറ്റമില്ലെന്ന് സൗദി
റിയാദ്: വിദേശ തൊഴിലാളികൾക്ക് ലെവി ഏർപ്പെടുത്തിയ നടപടിയിൽ മാറ്റം വരുത്തിയിട്ടില്ലെന്ന് സൗദി പാസ്‌പോർട്ട് ഡയറക്ടറേറ്റ്. മന്ത്രിസഭാ യോഗമാണ് ലെവി ഏർപ്പെടുത്തിയത്. അതുപ്രകാരം ലെവി അടയ്ക്കാൻ വിദേശികൾ ബാധ്യസ്ഥരാണെന്നും പാസ്‌പോർട്ട് ഡയറക്ടറേറ്റ് വ്യക്തമാക്കി.
സൗദി അറേബ്യൻ മോണിറ്ററി ഏജൻസിയുടെ നാഷണൽ ഇലക്ട്രോണിക് പെയ്‌മെന്റ് സർവ്വീസായ സദദ് വഴിയാണ് ആശ്രിത ലെവി അടയ്‌ക്കേണ്ടത്. 2017 ജൂലൈ മുതൽ 2018 ജൂലൈ വരെ മാസം 100 റിയാലാണ് ലെവി. ലെവി അടയ്ക്കാത്തവർ എക്‌സിറ്റ് റീ എൻട്രി, ഫൈനൽ എക്‌സിറ്റ് എന്നിവ നേടാൻ ഇത് അടച്ചിരിക്കണം. ഈ വർഷം ജൂലൈ ഒന്ന് മുതൽ ആശ്രിത ലെവി 200 റിയാലായി ഉയരും. അടുത്ത വർഷം മുന്നൂറും 2020−ൽ നാനൂറും റിയാലാണ് പ്രതിമാസം അടയ്‌ക്കേണ്ട ആശ്രിത ലെവി.
ഇഖാമ പുതുക്കുന്ന വേളയിലോ മുൻകൂറായോ ലെവി അടയ്ക്കാൻ സൗകര്യം ഉണ്ടെന്ന് പാസ്‌പോർട്ട് ഡയറക്ടറേറ്റ് വക്താവ് ലഫ്റ്റനന്റ് കേണൽ തലാൽ അൽ ഷൽഹൂബ് പറഞ്ഞു. ആശ്രിത ലെവിയിൽ നിന്ന് ഒരു വിദേശ പൗരനെയും ഒഴിവാക്കിയിട്ടില്ല.

