നിയമ ലംഘകരായ തൊഴിലാളികൾക്ക് ജോലി നൽകിയാൽ നടപടിയെന്ന് സൗദി
അനധികൃത താമസക്കാർക്കായി സൗദിയിൽ പരിശോധന ശക്തം
റിയാദ് : പൊതുമാപ്പ് കാലാവധി അവസാനിച്ചതിന് ശേഷവും രാജ്യത്ത് അനധികൃതമായി കഴിയുന്ന നിയമ ലംഘകരായ വിദേശ തൊഴിലാളികൾക്ക് ജോലി നൽകുന്ന കരാർ കന്പനികൾക്കെതിരെ കർശന ശിക്ഷാ നടപടി സ്വീകരിക്കുമെന്ന് പൊതു സുരക്ഷാ വകുപ്പ് മുന്നറിയിപ്പ് നൽകി. പദ്ധതി പ്രദേശങ്ങളിലുള്ള തൊഴിലാളികൾക്കിടയിൽ മിന്നൽ പരിശോധന നടത്തുമെന്നും അധികൃതർ പറഞ്ഞു.
രാജ്യത്തെ സർക്കാർ പദ്ധതികൾ നടപ്പിലാക്കുന്ന വർക് സൈറ്റുകളിൽ നിയമ ലംഘകരെ ജോലി ചെയ്യാൻ അനുവദിക്കില്ലെന്ന് പൊതു സുരക്ഷാ വകുപ്പ് മുന്നറിയിപ്പ് നൽകി. സർക്കാർ പദ്ധതികൾ നടപ്പിലാക്കുന്ന പ്രദേശങ്ങളിൽ സാധാരണ പരിശോധന ഉണ്ടാവില്ല. ഇവിടെ സുരക്ഷിത താവളമായാണ് നിയമ ലംഘകർ കാണുന്നത്.
ഇഖാമ, ലെവി ഉൾപ്പെടെയുള്ള ഫീസുകൾ നിയമ ലംഘകർക്ക് ചെലവ് ഇല്ലാത്തതിനാൽ വൻകിട പദ്ധതികളിൽ സബ് കോണ്ട്രാക്ട് എടുക്കുന്നവർ നിയമ ലംഘകരെ നിയമിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇത് അനുവദിക്കില്ലെന്നും ഇവിടങ്ങളിൽ പരിശോധന ശക്തമാക്കുമെന്നും പൊതു സുരക്ഷാ വകുപ്പ് അറിയിച്ചു. രാജ്യത്തെ മുഴുവൻ കരാർ കന്പനികളും വിദേശ തൊഴിലാളികളുടെ താമസ −തൊഴിൽ നിയമങ്ങൾ പൂർണമായി പാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.
ഗതാഗത മന്ത്രാലയത്തിന് കീഴിൽ മാത്രം 625 പദ്ധതികളാണ് രാജ്യത്ത് നടക്കുന്നത്. ഇവ ഏറ്റെടുത്തവരും രാജ്യത്തെ റോഡ് അറ്റകുറ്റ പണികളുടെ കരാർ ജോലി ചെയ്യു
ന്നവരും നിയമ ലംഘകർ ജോലി ചെയ്യുന്നില്ലെന്ന് ഉറപ്പു വരുത്തണമെന്നും പൊതു സുരക്ഷാ വകുപ്പ് ആവശ്യപ്പെട്ടു.

