സൗദിയിൽ നിന്ന് നാട്ടിലേക്ക് പണമയക്കാൻ ഇനി ചെലവേറും
റിയാദ് : അടുത്ത വർഷം ജനുവരി ഒന്നു മുതൽ വാറ്റ് പ്രാബല്യത്തിൽ വരുന്നതോടെ സൗദിയിൽ നിന്നും പുറത്തേക്ക് പണമയക്കാൻ ചെലവേറും. ട്രാൻസ്ഫർ ചാർജിന്റെ അഞ്ച് ശതമാനം ഇനി മുതൽ വാറ്റ് നൽകേണ്ടി വരും. ബാങ്ക് വഴി പണം അയക്കുന്നതിനുള്ള ഫീസിന് മൂല്യ വർദ്ധിത നികുതി ബാധകമാണെന്ന് ജനറൽ അതോറിറ്റി ഓഫ് സക്കാത്ത് ആൻഡ് ടാക്സ് വ്യക്തമാക്കി.
ജനുവരി ഒന്നിന് വാറ്റ് പ്രാബല്യത്തിൽ വരുന്നതോടെ ട്രാൻസ്ഫർ ചാർജിന്റെ അഞ്ച് ശതമാനം വാറ്റ് നൽകേണ്ടി വരും. അയക്കുന്ന പണത്തിനല്ല, അതിനുള്ള ഫീസിനാണ് വാറ്റ് നൽകേണ്ടതെന്ന് അതോറിറ്റി വിശദീകരിച്ചു. ബാങ്കുകളിലെ അഡ്മിനിസ്ട്രേറ്റീവ് സർവ്‍വീസുകൾ ഉൾപ്പെടെ പല സാന്പത്തിക ഇടപാടുകൾക്കും വാറ്റ് ഈടാക്കും.
വായ്പയുടെ പലിശ, ലോൺ, ക്രെഡിറ്റ് കാർഡ്, പണയം വെക്കൽ, കറണ്ട്/ സേവിങ്സ് അക്കൗണ്ടുകൾ തുടങ്ങിയവയുടെ ഫീസുകൾക്ക് വാറ്റ് ബാധകമല്ല. ലൈഫ് ഇൻഷുറൻസ്
പോളിസി, വീട്ടു വാടക, അംഗീകൃത മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ തുടങ്ങിയവക്കും വാറ്റ് ബാധകമായിരിക്കില്ല. പാസ്പോർട്ട്, ഡ്രൈവിംഗ് ലൈസൻസ് ഉൾപ്പെടെയുള്ള സേവനങ്ങൾക്ക് വാറ്റ് ഈടാക്കും.


