ലെബനനിൽ നിന്ന് തിരിച്ചുവരണമെന്ന് പൗരന്മാരോട് സൗദി അറേബ്യ
റിയാദ്: ലെബനനിൽ നിന്ന് പൗരന്മാരോട് അടിയന്തരമായി തിരച്ചെത്താൻ സൗദി അറേബ്യയുടെ നിർദ്ദേശം. ലെബനനിൽ സ്ഥിതിഗതികൾ മോശമായതിനാൽ പൗരന്മാർ ലെബനനിലേക്ക് യാത്ര ചെയ്യരുതെന്നും നിലവിൽ അവിടെ താമസി ക്കുന്നവർ ഉടൻ രാജ്യം വിടാൻ സന്നദ്ധരാവണമെന്നും സൗദി വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. ലെബനൻ പ്രധാനമന്ത്രി സാദ് ഹരീരി സ്ഥാനം രാജിവെച്ചതിന് പിന്നാലെയാണ് സൗദി അറേബ്യയുടെ നിർദ്ദേശം.
ഹരീരിയുടെ രാജിക്കു ശേഷം ലെബനനും സൗദിയും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങളിൽ വിള്ളൽ വീണിരുന്നു. സൗദി അറേബ്യ സന്ദർശിച്ചതിന് ശേഷമാണ് ഹരീരി രാജി പ്രഖ്യാപനം നടത്തിയത്. ഇറാൻ പിന്തുണയുള്ള സംഘടനയായ ഹിസ്ബുള്ള തന്റെ ജീവൻ അപായപ്പെടുത്തുമെന്ന ഭീഷണിയാണ് രാജിക്കാരണമായി ഹരീരി പറഞ്ഞത്.
സൗദിയുടെ തീരുമാനത്തിന് പിന്നാലെ യു.എ.ഇ, കുവൈത്ത്, എന്നീ രാജ്യങ്ങളും സമാനനിർദ്ദേശം തങ്ങളുടെ പൗരന്മാർക്ക് നൽകി. തീവ്രവാദ ബന്ധമുള്ള സംഘടനയായ ഹിസ്ബുള്ളക്ക് സ്വാധീനമുള്ള രാജ്യമാണ് ലബനൻ.


