രണ്ട് ഉപഗ്രഹങ്ങൾ വിജയകരമായി വിക്ഷേപിച്ച് സൗദി
ഷീബ വിജയ൯
റിയാദ്: സൗദി അറേബ്യ രണ്ട് ഉപഗ്രഹങ്ങൾ വിജയകരമായി വിക്ഷേപിച്ചു. ചെറിയ ഉപഗ്രഹങ്ങൾ നിർമിക്കുന്നതിനും രൂപകൽപന ചെയ്യുന്നതിനുമുള്ള ‘സാരി’ പദ്ധതിയുടെ ഭാഗമായി ഉമ്മുൽ ഖുറ, അമീർ സുൽത്താൻ എന്നീ സർവകലാശാലകളിലെ വിദ്യാർഥികൾ രൂപകൽപന ചെയ്ത ‘റൗദ സ്കോപ്’, ‘ഉഫുഖ്’ എന്നീ ഉപഗ്രഹങ്ങളാണ് വിക്ഷേപിച്ചത്. ദേശീയ പ്രതിഭകളെ ശാക്തീകരിക്കുന്നതിനും ബഹിരാകാശ ശാസ്ത്രത്തിലും നവീകരണത്തിലും നേതൃത്വം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള സൗദിയുടെ കാഴ്ചപ്പാടാണ് ഈ നേട്ടത്തിലൂടെ പ്രതിഫലിക്കുന്നത്. ശാസ്ത്രം, സാങ്കേതികവിദ്യ, എൻജിനീയറിങ്, ഗണിതം (STEM) എന്നീ മേഖലകളിലെ വിദ്യാർഥികളുടെ കഴിവുകൾ പരിപോഷിപ്പിക്കാൻ ആരംഭിച്ച പദ്ധതിയാണിത്. റൗദ സ്കോപ് (അമീർ സുൽത്താൻ സർവകലാശാല) പാരിസ്ഥിതിക സംരക്ഷണ പദ്ധതികളെ പിന്തുണക്കുന്നതും വിദൂര പ്രദേശങ്ങളിൽ മൊബൈൽ ഫോൺ സുസ്ഥിര കണക്ടിവിറ്റി ഉറപ്പാക്കുന്നതും ലോ-പവർ ഇൻറർനെറ്റ് ഓഫ് തിംഗ്സ് (ഐ.ഒ.ടി.) സാങ്കേതികവിദ്യ ഉൾച്ചേർത്തതുമാണ്. ഉഫുഖ് (ഉമ്മുൽ ഖുറ സർവകലാശാല) ബഹിരാകാശത്തിലെ കാലാവസ്ഥയെയും കൃത്യമായ സമയക്രമത്തിലും നാവിഗേഷൻ സംവിധാനങ്ങളിലും സൗരവികിരണത്തിൻ്റെ സ്വാധീനത്തെയും നിരീക്ഷിക്കുന്നതിനുള്ള ഉപഗ്രഹമാണ്.
asasaasAS
