ഫ്രാൻസിൽ ക്രിസ്മസ് ഡെലിവറിക്കായി സൂക്ഷിച്ച 93 ലക്ഷം വിലമതിക്കുന്ന ഒച്ചുകൾ മോഷ്ടിക്കപ്പെട്ടു
ഷീബ വിജയ൯
പാരിസ്: ലോകപ്രശസ്തമായ ലൂവ്ര് മ്യൂസിയത്തിലെ മോഷണത്തിന് പിന്നാലെ ഫ്രാൻസിൽനിന്ന് മറ്റൊരപൂർവ മോഷണ വാർത്ത കൂടി. ഷാംപെയിൻ പ്രദേശത്തെ എസ്കാർഗോട്ട് ഡെസ് ഗ്രാൻസ്ഡ് എന്ന ഫാമിൽ നിന്നും 90,000 യൂറോ (ഏകദേശം 93 ലക്ഷം രൂപ) വിലമതിക്കുന്ന ഒച്ചുകളാണ് മോഷ്ടിക്കപ്പെട്ടത്. ഞായറാഴ്ച രാത്രി 450 കിലോയോളം ഒച്ചുകളെയാണ് മോഷ്ടിച്ചത്. വേലികൾ അറുത്ത് സുരക്ഷാ സംവിധാനങ്ങൾ തകർത്ത മോഷ്ടാക്കൾ കോൾഡ് സ്റ്റോറേജ് റൂമുകളിൽ നിന്നാണ് ഒച്ചുകളെ മോഷ്ടിച്ചത്. പതിനായിരം ആളുകൾക്ക് ഭക്ഷണമുണ്ടാക്കാൻ കഴിയുന്നത്ര ഒച്ചുകളാണ് ഫാമിന് നഷ്ടമായത്. ഇത് ക്രിസ്മസ് അവധിദിനങ്ങളിലെ വിതരണത്തെ ബാധിക്കും.
പ്രമുഖ റെസ്റ്റോറൻ്റുകളിൽ വിതരണം ചെയ്യാനായി ശുദ്ധമായ ഒച്ചുകളെ ശീതികരിച്ച് സൂക്ഷിച്ചിരിക്കുകയായിരുന്നു. ഒച്ച് മാംസം മോഷ്ടിച്ചതിന് പിന്നിൽ സംഘടിതമായ ഒരു ശൃംഖലയുണ്ടെന്നാണ് ഫാം നടത്തിപ്പുകാരനായ ജീൻ മാത്യു ഡോവേൻ സംശയിക്കുന്നത്. ഉയർന്ന നിലവാരമുള്ള ഒച്ചുകൾ ആയതുകൊണ്ടാണ് തൻ്റെ ഫാമിനെ ലക്ഷ്യമിട്ടതെന്നും അദ്ദേഹം ആരോപിച്ചു.
sxsas
