സൗദിയിൽ ജിയോഗ്രഫിക്കൽ ഇൻഡിക്കേഷൻ (GI) സംരക്ഷണ സംവിധാനത്തിന് അംഗീകാരം


ശാരിക / റിയാദ്

സൗദിയിൽ ജിയോഗ്രഫിക്കൽ ഇൻഡിക്കേഷൻ (GI) സംരക്ഷണ സംവിധാനത്തിന് അംഗീകാരം നൽകി രാജാവിന്റെ ഉത്തരവ് പുറത്തിറങ്ങി. ജിയോഗ്രഫിക്കൽ ഇൻഡിക്കേഷനുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങൾക്ക് തടവും പിഴയും വ്യവസ്ഥ ചെയ്തിട്ടുണ്ട്. കുറഞ്ഞത് ഒരു മാസവും കൂടിയത് മൂന്ന് വർഷവും തടവും 5,000 റിയാൽ മുതൽ പത്ത് ലക്ഷം റിയാൽ വരെ പിഴയുമാണ് ശിക്ഷ.

അല്ലെങ്കിൽ ഈ ശിക്ഷകളിൽ ഒന്ന് അനുഭവിക്കേണ്ടിവരും. ഒരു പ്രദേശത്തിന്റെ പേരിലോ മറ്റോ അറിയപ്പെടുന്ന ഉൽപ്പന്നങ്ങൾ ഉപഭോക്താക്കൾക്കിടയിൽ ജനപ്രിയമാകാറുണ്ട്. ആ നാട്ടിൽ നിന്നു ലഭിക്കുന്നവയിൽ നാട്ടുകാർക്ക് ഗുണമേന്മാ വിശ്വാസമുണ്ടാകും. ഉദാഹരണത്തിന്, മദീനയിലെ അജ്‌വ ഈത്തപ്പഴം, അൽ ജൗഫിലെ ഒലീവ് ഓയിൽ എന്നിവ ഉദാഹരണമാക്കാം. അവയ്ക്കുള്ള ഗുണമേന്മ മറ്റിടങ്ങളിൽ ലഭിക്കില്ല. ഇത്തരം ഉത്പന്നങ്ങളാണ് ജിയോഗ്രഫിക്കൽ ഇൻഡിക്കേഷൻ ഉത്പന്നങ്ങൾ.

ഇത്തരം ഉത്പന്നങ്ങൾ മറ്റിടങ്ങളിൽ നിന്നെത്തിച്ച് ആ നാട്ടിലേതാണെന്ന വ്യാജേന വിൽക്കുന്നത് ജിയോഗ്രഫിക്കൽ ഇൻഡിക്കേഷൻ നിയമ ലംഘനമാണ്. ഏതെങ്കിലും കാർഷിക വിഭവം, ഭക്ഷണം, പ്രകൃതിദത്ത ഉൽപ്പന്നം, ഒരു പ്രത്യേക പ്രദേശത്ത് വ്യത്യസ്ത രീതിയിൽ നിർമിക്കുന്ന കരകൗശല അല്ലെങ്കിൽ വ്യാവസായിക ഉൽപ്പന്നം എന്നിവക്കൊക്കെ ഈ സംരക്ഷണം ബാധകമാണ്.

ജിയോഗ്രഫിക്കൽ ഇൻഡിക്കേഷന്റെ നിയമവിരുദ്ധമായ വാണിജ്യ ഉപയോഗം, അനുകരണം, ഉൽപ്പന്നത്തിന് സമാനമായ പേരിടൽ തുടങ്ങിയവ കുറ്റകരമാണ്. ആകൃതി, പാക്കേജിംഗ്, പരസ്യം അല്ലെങ്കിൽ മറ്റേതെങ്കിലും മാർഗങ്ങൾ എന്നിവയിൽ ഒരു ഉൽപ്പന്നത്തെ അനുകരിക്കുന്നതിനും അനുകരിക്കാൻ ശ്രമിക്കുന്നതിനും ഇതേ ശിക്ഷ ബാധകമാണ്. അന്യായമായ മത്സരത്തിന് കാരണമാകുന്ന രീതിയിൽ ജിയോഗ്രഫിക്കൽ ഇൻഡിക്കേഷൻ ഉപയോഗിച്ചാലും പിഴ ബാധകമാണ്.

ബൗദ്ധിക സ്വത്തവകാശത്തിനും ഉൽപ്പന്നങ്ങളുടെ ജിയോഗ്രഫിക്കൽ ഇൻഡിക്കേഷൻ സംരക്ഷിക്കാനുമാണ് പുതിയ സംവിധാനം. വ്യാജ ഉൽപ്പന്നങ്ങൾ നൽകി ഉപഭോക്താക്കളെ വഞ്ചിക്കുന്നത് തടയുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

article-image

dfsgdg

You might also like

  • Straight Forward

Most Viewed