റിയാദിലെ വാടക നിരക്കുകൾക്ക് അടുത്ത അഞ്ച് വർഷത്തേക്ക് വർധനവ് ഏർപ്പെടുത്തുന്നതിന് വിലക്കേർപ്പെടുത്തി സൗദി ഭരണകൂടം

ശാരിക
റിയാദ് l റിയാദിലെ വാടക നിരക്കുകൾക്ക് അടുത്ത അഞ്ച് വർഷത്തേക്ക് വർധനവ് ഏർപ്പെടുത്തുന്നതിന് വിലക്കേർപ്പെടുത്തി സൗദി ഭരണകൂടം . അനിയന്ത്രിതമായി ഉയർന്നുകൊണ്ടിരിക്കുന്ന വാടക നിരക്കുകൾക്ക് കടിഞ്ഞാണിടാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. തീരുമാനം പ്രവാസികൾക്കും വ്യാപാരികൾക്കും ഒരുപോലെ ആശ്വാസമാകും. കഴിഞ്ഞ ദിവസം മുതൽ പ്രാബല്യത്തിൽ വന്ന ഈ ഉത്തരവ് 2030 വരെ തുടരും. നിയമം ലംഘിക്കുന്നവരിൽ നിന്ന് ഒരു വർഷത്തെ വാടക തുക പിഴയായി ഈടാക്കും.
റിയാദിൽ അടുത്തിടെയായി വാടക നിരക്കുകൾ കുത്തനെ വർധിച്ചിരുന്നു. പലയിടത്തും മൂന്നിരട്ടി വരെ നിരക്ക് വർധിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഉയർന്ന നിരക്കിന് പുതിയ വാടകക്കാരെ കണ്ടെത്താനായി പഴയ വാടകക്കാരെ ഒഴിപ്പിക്കുന്ന പ്രവണതയും വർധിച്ചു. ഇതേ തുടർന്ന് സ്വദേശികളിൽ നിന്ന് ഉൾപ്പെടെ പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് സൗദി രാജാവിന്റെയും കിരീടാവകാശിയുടെയും നേരിട്ടുള്ള ഇടപെടലുണ്ടായത്.
നിലവിൽ ഈജാറിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വാടക നിരക്കിൽ നിന്ന് വർധനവ് പാടില്ല. നിയമം ലംഘിക്കുന്നവർക്ക് ഒരു വർഷത്തെ വാടക തുക പിഴ. മോശം നിലയിലുള്ള കെട്ടിടങ്ങൾ മോടി പിടിപ്പിച്ചാൽ മന്ത്രാലയത്തിന്റെ അനുമതിയോടെ വാടക ഉയർത്താൻ ഉടമസ്ഥർക്ക് അനുമതിയുണ്ട്. ഇതിനും പരമാവധി വർധന നിരക്ക് നിയന്ത്രണമുണ്ടാകും. പുതിയ വാടകക്കാർക്ക് ഉയർന്ന നിരക്കിൽ നൽകാനായി നിലവിലുള്ള വാടകക്കാരെ ഒഴിപ്പിക്കാൻ കഴിയില്ല. റിയാദിൽ പുതിയ കെട്ടിടങ്ങൾ നിർമിച്ച് വാടക നിരക്ക് കുറയ്ക്കാൻ ലക്ഷ്യമിട്ട് ഒഴിഞ്ഞ സ്ഥലങ്ങൾക്ക് ഭരണകൂടം നികുതി ഏർപ്പെടുത്തിയിരുന്നു. കൂടുതൽ കെട്ടിടങ്ങൾ ലഭ്യമാകുന്നതോടെ വാടക നിരക്ക് സ്വാഭാവികമായും കുറയും. ഈ പ്രക്രിയ പൂർത്തിയാകാൻ അഞ്ച് വർഷം വരെ എടുത്തേക്കാം. ഇത് കൂടി പരിഗണിച്ചാണ് അഞ്ച് വർഷത്തേക്കുള്ള ഈ നിയന്ത്രണം ഏർപ്പെടുത്തിയത്.
jhjhgj