സൗദിയിൽ സജീവമായി ഈത്തപ്പഴ വിപണികൾ ; ആദ്യമെത്തി ഹസ്സ ഈത്തപ്പഴങ്ങൾ

ഷീബ വിജയൻ
ദമ്മാം: സൗദിയിലെ ഈത്തപ്പഴ വിപണിയും സജീവമാവുകയാണ്. ഇത്തവണ അൽ അഹ്സ മരുപ്പച്ചയിലെ ഈത്തപ്പന തോട്ടങ്ങളിൽനിന്നുള്ള അതിവിശിഷ്ടമായ ഈത്തപ്പഴങ്ങളാണ് വിപണിയിലേക്ക് ആദ്യമെത്തിയത്. ഒരു വർഷത്തിലധികം നീണ്ട കാത്തിരിപ്പുകൾക്കൊടുവിൽ അൽ അഹ്സയിലെ തോട്ടങ്ങളിൽ വാർഷികവിളവെടുപ്പിന്റെ ആദ്യഘട്ടങ്ങൾക്ക് തുടക്കമായി. അൽ അഹ്സ ഈത്തപ്പഴ വിപണിമൃദുവായതും നേരത്തെ പാകമാകുന്നതുമായ ‘റുത്തബ്’ പഴങ്ങൾ അൽ അഹ്സയിൽനിന്ന് സൗദിയുടെ വിവിധ ഭാഗങ്ങളിലേക്കുള്ള വിപണികളിൽ എത്തിത്തുടങ്ങിയിട്ടുണ്ട്. പ്രദേശിക ഈത്തപ്പഴവിപണിയിലെ അതിപ്രധാന സമയം കൂടിയാണ് റുത്തബ് വിളവെടുപ്പുകാലം. ഉയർന്ന വിലയും ഏറ്റവും കൂടുതൽ ആവശ്യക്കാർ ഈ സമയത്ത് ലഭ്യമാകുന്ന റുത്തബ് ഈത്തപ്പഴങ്ങൾക്കാണ്. സാധാരണ മേയ് അവസാനം മുതൽ ജൂൺവരെയാണ് ഇതിന്റെ വിളവെടുപ്പ് കാലമെങ്കിലും ചൂട് കഠിനമാകാൻ വൈകിയത് വിളവെടുപ്പിനേയും വൈകിപ്പിച്ചിട്ടുണ്ട്.
സൗദി വിപണികളിൽ ഏറെ പ്രിയംകരങ്ങളായ ഖലാസ്, ഷിഷി, ഘർ ഇനങ്ങൾ ഉൾപ്പെടെ 20ലധികം വിഭാഗങ്ങളിൽപ്പെട്ട ഈത്തപ്പഴങ്ങളാണ് ആദ്യമായി അൽ അഹ്സയിൽനിന്ന് വിപണിയിലെത്തുന്നത്. ഈ വർഷത്തെ റുത്തബ് സീസൺ ഏറെ പ്രതീക്ഷ നൽകുന്നതായി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം അഭിപ്രായപ്പെട്ടു.രാജ്യത്തുടനീളം റുത്തബ് സീസണുകൾ ആരംഭിച്ച് കഴിഞ്ഞിട്ടുണ്ടെന്നും അവർ പറഞ്ഞു. റുതാബ് അൽ തയ്യാർ, മജ്‌നാസ്, ഘർ, ഖ്‌നൈസി, ഷിഷി, ഖലാസ് തുടങ്ങിയ ഇനങ്ങൾ തുടർന്ന് വിപണിയിലെത്തും. റുത്താബിന്റെ വിളവെടുപ്പ് ജൂലൈ ആദ്യം ആരംഭിച്ച് ആഗസ്റ്റ് പകുതിവരെ തുടരും, ഉംറഹിം, സാംലി, ഷാൽ, ഹിലാലി തുടങ്ങിയ വിലയേറിയ ഇനങ്ങളും ഈ വിളവെടുപ്പിനൊപ്പം വിപണിയിലെത്തും. റുത്താബ് സീസണിനുശേഷം, ആഗസ്റ്റ് പകുതി മുതൽ ഒക്ടോബർ ആദ്യം വരെ അൽ അഹ്‌സ പൂർണ ഈത്തപ്പഴ വിളവെടുപ്പിലേക്ക് നീങ്ങും. ഷിഷി, ഖലാസ്, റാസിസ് തുടങ്ങിയ ജനപ്രിയ ഇനങ്ങൾ ഈ ഘട്ടത്തിലാണ് പഴുത്ത് പാകമാകുന്നത്. പുതിയ ഈത്തപ്പഴങ്ങൾക്ക് പുറമേ, ഈത്തപ്പഴ ഉൽപന്നങ്ങൾ ഉൽപാദിപ്പിക്കുന്നതിലും അൽ അഹ്സ പ്രസിദ്ധമാണ്.
രുചിക്കും നിലവാരത്തിനും ഘടനക്കും വളരെയധികം ഇഷ്ടക്കാരുള്ള മാർസ്ബാൻ, ഹതേമി, ഷാൽ തുടങ്ങിയ ഇനങ്ങളും അൽ അഹ്സയിലാണ് വിളവെടുക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ഈന്തപ്പന മരുപ്പച്ചയായും യുനെസ്കോയുടെ ലോക പൈതൃക സ്ഥലമായും അംഗീകരിക്കപ്പെട്ട അൽ അഹ്സയിൽ 20 ലക്ഷത്തിലധികം ഈന്തപ്പനകൾ ഉണ്ട്. ഓരോ വർഷവും ഈ പ്രദേശം 120,000 ടണ്ണിലധികം ഈന്തപ്പനകൾ ഉൽപാദിപ്പിക്കുന്നു.
saasdsaas