ഗതാഗത നിയമലംഘനങ്ങളില്‍ തര്‍ക്കമുണ്ടെങ്കില്‍ പരാതി നല്‍കാം
ദോഹ: ഗതാഗത നിയമലംഘനങ്ങളില്‍ തര്‍ക്കമുണ്ടെങ്കില്‍ ലംഘകന് ഇനി പരാതി നല്‍കാം. ആഭ്യന്തര മന്ത്രാലയത്തിന്റെ ഇ- സേവനമായ മെട്രാഷ് 2 വഴിയാണ് പരാതി നല്‍കാന്‍ കഴിയുക. ഗതാഗത ലംഘനങ്ങളില്‍ തര്‍ക്കമുണ്ടെങ്കില്‍ രജിസ്റ്റര്‍ ചെയ്യാനും ഗതാഗത ലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനും ഇതിലൂടെ കഴിയും. ഇതോടൊപ്പം പൊതുജനങ്ങള്‍ക്ക് ഗതാഗത ലംഘനം, ഡ്രൈവിങ് ലൈസന്‍സ്, വാഹന നന്പര്‍ പ്ലേറ്റുകള്‍, സാങ്കേതിക പരിശോധന, ഗതാഗത അന്വേഷണം എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അറിയാന്‍ 234 4444 എന്ന നന്പറും ആരംഭിച്ചിരുന്നു.
രജിസ്റ്റര്‍ ചെയ്യുന്ന തീയതി മുതല്‍ 14 ദിവസത്തിനുള്ളില്‍ ലംഘനം സംബന്ധിച്ചുള്ള തര്‍ക്കം രജിസ്റ്റര്‍ ചെയ്യണമെന്നാണ് നിര്‍ദേശം. ഒരു ലംഘകന്‍ ഒന്നിലധികം തവണ തര്‍ക്കം ഉന്നയിക്കാന്‍ പാടില്ല. റഡാര്‍, നിരീക്ഷണ ക്യാമറകള്‍ രേഖപ്പെടുത്തുന്നവയും പൊലീസ് ഉദ്യോഗസ്ഥര്‍ നേരിട്ട് റജിസ്റ്റര്‍ ചെയ്യുന്നതുമായ ലംഘനങ്ങളിലും തര്‍ക്കമുണ്ടെങ്കില്‍ അറിയിക്കാനാകുന്നതാണ്.

