ഖത്തറിലേക്ക് കപ്പൽവഴിയുള്ള ചരക്കുനീക്കത്തിൽ റെക്കോർഡ് വർദ്ധന
ദോഹ : കപ്പൽവഴി ഖത്തറിലേക്കുള്ള ചരക്കുനീക്കത്തിൽ റെക്കോർഡ് വർദ്ധന. തുറമുഖങ്ങൾ വഴി ഇറക്കുമതി ചെയ്ത സാധനങ്ങളുടെ കാര്യത്തിൽ ജൂലൈയിൽ 158% വർദ്ധനയാണുണ്ടായത്. ജൂലൈയിൽ 371 കപ്പലുകളായി 48,873 കണ്ടെയ്നറുകളാണ് തുറമുഖത്തെത്തിയത്. ജൂണിൽ 212 കപ്പലുകളിലായി 24,014 കണ്ടയ്നറുകൾ എത്തിയെന്ന് തുറമുഖ മാനേജ്മെന്റ് കന്പനിയായ മവാനി ഖത്തർ വ്യക്തമാക്കി.
ജനറൽ കാർഗോയുടെ കാര്യത്തിലാണ് വൻ വർദ്ധനയുണ്ടായത്; ജൂലൈയിൽ80,275 ടൺ, ജൂണിൽ 31,105 ടണ്ണായിരുന്ന സ്ഥാനത്താണിത്. 4,922 യൂണിറ്റ് വാഹനങ്ങളാണ് ജൂലൈയിൽ ഇറക്കുമതി ചെയ്തത്.
ജൂണിൽ ഇത് 4,322 യൂണിറ്റുകളായിരുന്നു. കന്നുകാലികളുടെ ഇറക്കുമതി ജൂണിൽ 60,858 എണ്ണമായിരുന്നതു ജൂലൈയിൽ 74,148 ആയി വർദ്ധിച്ചു. അയൽ ഗൾഫ് രാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധത്തിന്റെ പശ്ചാത്തലത്തിൽ തുറമുഖങ്ങൾ കേന്ദ്രീകരിച്ചുള്ള ഇറക്കുമതി വർദ്ധിച്ചുവെന്ന് ഇതിൽനിന്നു വ്യക്തം. ഉപരോധത്തെ തുടർന്ന് ഒമാൻ, ഇന്ത്യ എന്നീ രാജ്യങ്ങളിൽനിന്നുൾപ്പെടെ പുതിയതായി അഞ്ചു കപ്പൽപാതകളാണ് മവാനി ഖത്തർ സജ്ജമാക്കിയത്.
ഏക കരമാർഗമായ അബു സംറ അതിർത്തി അടച്ചതോടെ വ്യോമ, നാവിക മാർഗങ്ങളിലൂടെയാണ് ഇപ്പോൾ ഖത്തറിലേക്കുള്ള ഇറക്കുമതി നടത്തുന്നത്. വ്യോമമാർഗമുള്ള ഇറക്കുമതി ചെലവേറിയതായതിനാൽ കപ്പൽ വഴി ചരക്കെത്തിക്കാനാണു മുൻതൂക്കം നൽകുന്നത്. തുർക്കിയിൽനിന്നുള്ള ഉൽപ്പന്നങ്ങൾ കരമാർഗം ഇറാനിലെത്തിച്ച് അവിടെനിന്നു കടൽമാർഗം ഖത്തറിലെത്തിക്കാനുള്ള ബദൽ വ്യാപാര പാതയെ കുറിച്ചും ചർച്ചകൾ നടക്കുന്നുണ്ട്.

