സലാല ഖരീഫ് ഫെസ്റ്റിവലിന് തുടക്കമായി
മസ്ക്കറ്റ് : സലാലയിൽ മൺസൂൺ മേളയ്ക്കു (ഖരീഫ് ഫെസ്റ്റിവൽ) തുടക്കം. സപ്തംബർ 21 വരെ നീളുന്ന മേളയിൽ ഇന്ത്യക്കാരടക്കമുള്ള സഞ്ചാരികൾ ഈ മലയോര മേഖലയിലേക്കു പ്രവഹിക്കും. വ്യാപാരമേള, കരകൗശല മേള, കലാവിരുന്നുകൾ എന്നിവയും ഇതോടനു ബന്ധിച്ചുണ്ടാകും. ബീച്ചുകൾ, മലകൾ, കാട്ടുപൂക്കൾ വിടർന്ന താഴ് വാരങ്ങൾ, ഗുഹകൾ, അരുവികൾ, തടാകങ്ങൾ, ചരിത്ര-പൈതൃക മേഖലകൾ എന്നിവ സലാല ഉൾപ്പെടുന്ന ദോഫാർ ഗവർണറേറ്റിനെ ആകർഷകമാക്കുന്നു.
ദൽകൂത്ത്, മിർബാത് വിലായത്തുകളും മേളയുടെ ഭാഗമാകും. വിവിധ ഉൽപ്പന്നങ്ങളുടെ വിപണന മേള ദോഫാർ മേഖലയിലെ വിവിധ ഭാഗങ്ങളിലായി നടക്കും. കലാ-കായിക മത്സരങ്ങളും ഇതോടനുബന്ധിച്ചുണ്ട്. കൊടുംചൂടിൽ ഗൾഫ് മേഖല ഉരുകുന്പോഴാണ് സലാലയിലെ പെരുമഴക്കാലം. മൺസൂൺ മേള തുടങ്ങുന്നതോടെ യു.എ.ഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ നിന്നു സന്ദർശകർ പ്രവഹിക്കും.ഇന്ത്യക്കാരാണ് രണ്ടാം സ്ഥാനത്ത്.
മേകുനു ചുഴലിക്കൊടുങ്കാറ്റ് വിതച്ച നഷ്ടങ്ങളിൽ നിന്ന് സലാല പൂർണമായും കരകയറിയിട്ടില്ല. പ്രധാന പാതകൾ യുദ്ധകാലാടിസ്ഥാനത്തിൽ നന്നാക്കിയെങ്കിലും ഉൾപ്രദേശങ്ങളിലേക്കുള്ള പാതകളുടെ പുനർനിർമാണ ജോലികൾ തുടരുകയാണ്. പല ഉപപാതകളും മലവെള്ളപ്പാച്ചിലിൽ കുത്തിയൊലിച്ചു പോയിരുന്നു. ചിലമേഖലകളിൽ വാഹനങ്ങൾ കടന്നുപോകില്ലെങ്കിലും സുരക്ഷിതമായി നടന്നുപോകാം.
വേനലവധി തുടങ്ങിയശേഷം അടുത്തമാസത്തോടെയേ മേള കൂടുതൽ സജീവമാകൂ. അതേസമയം, മേകുനുവിനെ തുടർന്നു വാദികളും തടാകങ്ങളും നിറയുകയും മലനിരകൾ പച്ചപുതയ്ക്കുകയും ചെയ്തത് സന്ദർശകർക്ക് നയനാനന്ദകരമാകും. സന്ദർശകരെ വരവേൽക്കാൻ എല്ലാ ഒരുക്കങ്ങളും പൂർത്തിയായിട്ടുണ്ട്. മാർഗനിർദേശങ്ങളുമായി പോലീസ് രംഗത്തുണ്ട്.
ചാറ്റൽ മഴയും മഞ്ഞും ദൂരക്കാഴ്ച കുറയ്ക്കുമെന്നതിനാൽ വളഞ്ഞുപുളഞ്ഞ റോഡിലൂടെയുള്ള യാത്രയിൽ ജാഗ്രത പാലിക്കണമെന്ന് പൊലീസ് മുന്നറിയിപ്പു നൽകുന്നു. ഹോട്ടലുകൾ ആകർഷകമായ പാക്കേജുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ടൂർ ഓപ്പറേറ്റർമാരും സജീവമായി.



