ഒമാനിലെ ഹൈമയിൽ വാഹനാപകടത്തിൽ എട്ട് മരണം
മസ്ക്കറ്റ് : ഒമാനിലെ ഹൈമയിൽ കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തിൽ ആറ് ഒമാനികളും, രണ്ട് യമനികളും അടക്കം എട്ട് പേർ കൊല്ലപ്പെട്ടു. തലസ്ഥാനമായ മസ്കറ്റിൽ നിന്നും സലാലാ റൂട്ടിൽ 550 കിലോ മീറ്ററോളം ദൂരെയാണ് ഹൈമ. ഹൈമയിലെ ഒറ്റവരിപ്പാതയിലൂടെ വന്ന രണ്ട് വാഹനങ്ങൾ നേർക്കുനേർ ഇടിക്കുകയായിരുന്നു. എതിരെ വന്ന വാഹനത്തിന്‍റെ ടയർ പൊട്ടി നിയന്ത്രണം വിട്ടതാണ് അപകട കാരണം. അപകടം നടന്നതിന്റെ പശ്ചാത്തലത്തിൽ പഴകിയതും, നിശ്ചിത നിലവാരമില്ലാത്തതുമായ ടയറുകളും കർശനമായി ഒഴിവാക്കുവാൻ റോയൽ ഒമാൻ പോലീസ് വാഹനയുടമകളോട് നിർദ്ദേശിച്ചു.

