യു.എ.ഇയിൽ അമിത ലഗേജ് കയറ്റുന്ന ട്രക്ക് ഡ്രൈവർമാരിൽ നിന്നും പിഴ ഈടാക്കും
ദുബൈ : വാഹനാപകടം നിയന്ത്രിക്കാൻ കർശന നടപടികളുമായി യു.എ.ഇ പോലീസ്. വാഹനാപകടമുണ്ടാക്കുന്ന ട്രക്കുകൾക്കെതിരെ കർശന നടപടിയെടുക്കാനാണ് തീരുമാനം. കഴിഞ്ഞ മാസം മുതൽ നിലവിൽ വന്ന നിയമത്തിന്റെ അടിസ്ഥാനത്തിൽ അഞ്ച് തരത്തിലുളള ശിക്ഷകളാണ് ഗതാഗത വകുപ്പ് ആവിഷ്‌ക്കരിച്ചിട്ടുളളത്. അശ്രദ്ധയോടെ വാഹനമോടിക്കുകയും ജീവന് ഭീഷണിയാകുകയും ചെയ്യുന്നവർക്ക് മൂവായിരം ദിർഹം പിഴ ചുമത്തും. ഇത്തരക്കാരുടെ ലൈസൻസ് ഒരുവർഷത്തേക്ക് മരവിപ്പിക്കുകയും ചെയ്യും. വാഹനമിടിച്ച് കെട്ടിടങ്ങൾക്കോ മറ്റോ കേടുപാടുകൾ ഉണ്ടായാലും ശിക്ഷയുണ്ടാകും.
ട്രക്കുകൾ വഴി തെറ്റിക്കുന്നത് മൂലം വൻ ഗതാഗതക്കുരുക്ക് ഉണ്ടാകുന്നതായി ശ്രദ്ധയിൽ പെട്ടതിന്റെ അടിസ്ഥാനത്തിൽ നിര തെറ്റിയ്ക്കുന്ന ട്രക്കുകൾക്ക് 1,500 ദിർഹവും പന്ത്രണ്ട് ബ്ലാക്ക് പോയിന്റും ചുമത്തും. അമിതമായി സാധനങ്ങൾ കയറ്റുന്ന ട്രക്ക് ഡ്രൈവർമാർക്ക് രണ്ടായിരം ദിർഹം പിഴ ചുമത്തും. ആറ് ബ്ലാക്ക് പോയിന്റും നൽകും. പുതിയ നിയമങ്ങൾ നിലവിൽ വരുന്നതോടെ അപകടമരണങ്ങളിൽ കുറവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.

