മിന്റി അഗർവാൾ: യുദ്ധ സേവാ പുരസ്കാരം കരസ്ഥമാക്കുന്ന പെൺകരുത്ത്
ന്യൂഡൽഹി: ഇന്ത്യയുടെ അഭിമാനമുയർത്തി അഭിനന്ദൻ വർധമാൻ അതിർത്തിയിൽ പാക്ക് പോർവിമാനങ്ങളുമായി യുദ്ധം ചെയ്യുമ്പോൾ അണിയറയിൽ എല്ലാത്തിനും ചുക്കാൻ പിടിച്ചത് ഒരു വനിതയായിരുന്നു, മിന്റി അഗർവാൾ എന്ന വ്യോമസേന സ്ക്വാഡ്രൻ ലീഡർ. യുദ്ധ സേവാ പുരസ്കാരം കരസ്ഥമാക്കുന്ന ആദ്യ വനിതാ വ്യോമസേനാംഗമാണു മിന്റി. അഭിനന്ദന്റെ പോരാട്ടവീര്യത്തിന് എണ്ണ പകർന്ന പെൺകരുത്തിനെ വാഴ്‍ത്തുകയാണു രാജ്യം.
അഭിനന്ദൻ യുദ്ധവിമാനവുമായി പുറപ്പെട്ടതു മുതൽ ഞാനായിരുന്നു അദ്ദേഹത്തിന് നിർദ്ദേശങ്ങൾ നൽകിയിരുന്നത്. എതിരാളിയുടെ വിമാനഗതിയെക്കുറിച്ച് അദ്ദേഹത്തിനു മുന്നറിയിപ്പുകൾ നൽകിക്കൊണ്ടിരുന്നു. എഫ് 16 തകർക്കപ്പെടുന്ന ദൃശ്യങ്ങൾ സ്ക്രീനിൽ കണ്ടുവെന്നും മിന്റി പറഞ്ഞു. ഇന്ത്യൻ വ്യോമസേനയിൽ നിന്ന് ആദ്യമായി യുദ്ധ സേവാ പുരസ്കാരം കരസ്ഥമാക്കുന്ന വനിതയുമാണ് മിന്റി. യുദ്ധസമയത്തെ വിശിഷ്ട സേവനത്തിനാണ് ഈ പുരസ്കാരം നൽകുന്നത്.
ഫെബ്രുവരി 26 ലെയും 27ലെയും ഇന്ത്യൻ ദൗത്യങ്ങളിൽ പങ്കാളിയായിരുന്ന മിന്റി യുദ്ധവിമാനത്തിലിരുന്ന അഭിനന്ദനുമായി സംസാരിക്കുകയും നിർദേശങ്ങൾ നൽകുകയും ചെയ്തിരുന്നതായി പറയുന്നു.
അതേസമയം ബാലാക്കോട്ടിൽ ഇന്ത്യൻ വ്യോമസേന നടത്തിയ ആക്രമണത്തിന് പ്രത്യാക്രമണം പ്രതീക്ഷിച്ചിരുന്നതായും മിന്റി വെളിപ്പെടുത്തി. ബാലക്കോട്ടിലെ ഭീകരക്യാംപുകൾ തകർക്കുന്നതിൽ ഇന്ത്യൻ സേന വിജയിച്ചു. എന്നാൽ അതിന് ഒരു പ്രത്യാക്രമണം വ്യോമസേന പ്രതീക്ഷിച്ചിരുന്നു. 24 മണിക്കൂറിനുള്ളിൽ പാക്ക് പോർവിമാനങ്ങൾ ഇന്ത്യ ലക്ഷ്യമാക്കി എത്തി. ആദ്യം വളരെ കുറച്ച് വിമാനങ്ങളാണ് എത്തിയത്. എന്നാൽ പതിയെ എണ്ണം കൂടാൻ തുടങ്ങിയെന്നും ഒരോ സംഭവങ്ങളും ഓർത്തെടുത്ത് മിന്റി പറഞ്ഞു.

