ടെന്നീസിലെ വിസ്മയമായി കോറി ഗഫ്
ടെന്നീസിലെ പുത്തന്‍ കൗമാര വിസ്മയമായി മാറിയിരിക്കുകയാണ് അമേരിക്കക്കാരി കോറി ഗഫ്. ഏറെ ആരാധിച്ചിരുന്ന വീനസ് വില്യംസിനെ തോല്‍പ്പിച്ചതോടെ മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുകയാണ് കൊക്കോ എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന ഗഫ്. വിംബിള്‍ഡണില്‍ സ്ലോവാക്യയുടെ മഗ്ദലീന റയ്ബാറിക്കോവയെ ഗഫ് കെട്ടുകെട്ടിച്ചു. പ്രീ-ക്വാര്‍ട്ടറില്‍ ഇന്ന് സിമോണ ഹാലെപ്പിനെ നേരിടുന്ന കോറി ഗഫിലാണ് വിംബിള്‍ഡണിന്‍റെ ശ്രദ്ധ മുഴുവനും.
ബിബിസിയിലൂടെ ഇത്തവണ ഏറ്റവുമധികം പേര്‍ കണ്ട എട്ട് വിംബിള്‍ഡണ്‍ മത്സരങ്ങളില്‍ മൂന്നെണ്ണവും കോറി ഗഫിന്‍റേതാണ്. മൂന്നാം റൌണ്ടില്‍ പൊളോണ ഹെര്‍കോഗിനെതിരായ ഗഫിന്‍റെ മത്സരം കണ്ടത് 5.2 മില്യണ്‍ ആളുകളാണ്. അതേസമയം ഫ്രഞ്ച് ഓപ്പണ്‍ ചാംപ്യന്‍ നദാല്‍-നിക്ക് കിര്‍ഗിയോസ് മത്സരം കണ്ടത് 3.7 മില്യണ്‍ ആളുകള്‍ മാത്രമാണ്. ഇന്ന് നദാലിനും സെറീനയ്ക്കുമൊക്കെ മത്സരമുണ്ടെങ്കിലും എല്ലാവര്‍ക്കും കാണേണ്ടതും അറിയേണ്ടതും ഗഫിന്‍റെ കളിയെക്കുറിച്ചാണ്.
വീനസിനെ ഞെട്ടിച്ചു താരമായി
വില്യംസ് സഹോദരിമാരുടെ കടുത്ത ആരാധികയായാണ് കോറി ഗഫ് ടെന്നീസ് റാക്കറ്റ് കൈയിലേന്തുന്നത്. വീനസിനെയും സെറീനയെയും പോലെ കോര്‍ട്ടില്‍ മിന്നല്‍പ്പിണറാകാന്‍ ആഗ്രഹിച്ച കോറി ഗഫ് വീനസിനെ തോല്‍പ്പിച്ചാന്‍ വിംബിള്‍ഡണിന് യോഗ്യത നേടിയത്. 6-4, 6-4 എന്ന സ്കോറിനായിരുന്നു ഗഫിന്‍റെ ജയം. കോറി ഗഫ് ജനിക്കുന്നതിനുമുമ്ബേ ഗ്ലാന്‍സ്ലാം കിരീടം നേടിയിട്ടുള്ള വീനസ് വില്യംസിനെതിരെ കളിയുടെ എല്ലാ മേഖലകളിലും അമേരിക്കയുടെ പുത്തന്‍ കൌമാരവിസ്മയം മികച്ചുനിന്നു.
ചരിത്രമെഴുതി വിംബിള്‍ഡണിലേക്ക്
ഓപ്പണ്‍ കാലഘട്ടത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വിംബിള്‍ഡണ്‍ താരമെന്ന അമൂല്യ റെക്കോര്‍ഡ് കോറി ഗഫ് സ്വന്തം പേരിലാക്കി. 15 വര്‍ഷവും 122 ദിവസവും പ്രായമുള്ളപ്പോഴാണ് ഗഫിന്‍റെ വിംബിള്‍ഡണ്‍ അരങ്ങേറ്റം. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെയാണ് ഗഫ് വിംബിള്‍ഡണിലേക്ക് വന്നത്.

