മുസ്‍ലിംകൾക്കെതിരെ വിദ്വേഷ പരാമർശം: ബി.ജെ.പി എം.പിക്കെതിരെ കേസ്


മുസ്‍ലിംകൾക്കെതിരെ വിദ്വേഷ പരാമർശം നടത്തിയതിന് ബംഗളൂരു സൗത്തിലെ ബി.ജെ.പി എം.പിയും യുവമോർച്ച ദേശീയ പ്രസിഡന്റുമായ തേജസ്വി സൂര്യക്കെതിരെ കേസ്. ബംഗളൂരുവിൽ ബാങ്ക് കൊടുക്കുന്ന സമയത്ത് ഹനുമാൻ ചാലിസ വെച്ചതിന് കടയുടമയെ ആറുപേർ ചേർന്ന് മർദിക്കുന്ന വിഡിയോ പങ്കുവെച്ചതിന് ശേഷമുള്ള പരാമർശങ്ങളാണ് കേസിനിടയാക്കിയത്. തെരഞ്ഞെടുപ്പ് കമീഷന്റെ ഫ്ലയിങ് സ്ക്വാഡ് സംഘത്തിന് ലഭിച്ച പരാതിയെ തുടർന്ന് ഹലസൂരു ഗേറ്റ് പൊലീസാണ് കേസെടുത്തത്. ‘കാമ്പയിൻ എഗൈൻസ്റ്റ് ഹേറ്റ് സ്പീച്ച്’ എന്ന സംഘടനയാണ് തെരഞ്ഞെടുപ്പ് കമീഷനിൽ പരാതി നൽകിയത്.

സൂര്യയുടെ പരാമർശങ്ങൾ മുസ്‍ലിംകളെ ലക്ഷ്യമിടുന്നതാണെന്നും ഹിന്ദുക്കൾക്കും മുസ്‍ലിംകൾക്കുമിടയിൽ വെറുപ്പ് പ്രചരിപ്പിക്കാൻ ശ്രമിക്കുന്നതാണെന്നുമാണ് പരാതിയിൽ പറയുന്നത്. വിവിധ വിഭാഗങ്ങൾക്കിടയിൽ ശത്രുതയും വിദ്വേഷവും പ്രോത്സാഹിപ്പിക്കുക, മനഃപൂർവം വിദ്വേഷ പ്രവൃത്തികളിൽ ഏർപ്പെടുക എന്നീ വകുപ്പുകളിലാണ് സൂര്യക്കെതിരെ കേസെടുത്തിരിക്കുന്നത്.

മാർച്ച് 18നാണ് തേജസ്വി സൂര്യ എക്സിൽ മുകേഷ് എന്ന കടയുടമയെ മർദിക്കുന്ന വിഡിയോ പോസ്റ്റ് ചെയ്തത്. ജിഹാദികൾക്ക് രാഷ്ട്രീയ പിന്തുണ ലഭ്യമായതോടെ സ്വാഭാവികമായും ഹിന്ദുക്കൾക്കെതിരായ കുറ്റകൃത്യങ്ങൾ സംസ്ഥാനത്ത് ഉയർന്നിട്ടുണ്ടെന്നായിരുന്നു തേജസ്വി സൂര്യ ഇതിനൊപ്പം കുറിച്ചത്. ‘ബാങ്ക് സമയത്ത് ഭജന പാടില്ലെന്ന് പറഞ്ഞ് ഒരു ഹിന്ദു കടയുടമയെ സാമൂഹിക വിരുദ്ധർ ആക്രമിച്ചു. ഇത്തരം കാര്യങ്ങൾക്ക് ധൈര്യം നൽകുന്നത് കോൺഗ്രസിന്റെ പ്രീണന രാഷ്ട്രീയത്തിന്റെ നേരിട്ടുള്ള ഫലമാണ്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പാകിസ്താൻ സിന്ദാബാദ് വിളിച്ചവർക്ക് ജാമ്യം ലഭിച്ചിരുന്നു. ജിഹാദികൾക്ക് ഇത്തരം രാഷ്ട്രീയ പിന്തുണ ലഭ്യമായതോടെ സ്വാഭാവികമായും ഹിന്ദുക്കൾക്കെതിരായ ഇത്തരം കുറ്റകൃത്യങ്ങൾ നമ്മുടെ സംസ്ഥാനത്ത് ഉയർന്നിട്ടുണ്ട്. തെറ്റായ മാതൃക സൃഷ്ടിക്കുന്നത് മുഖ്യമന്ത്രി അവസാനിപ്പിക്കണം. ഈ കേസിൽ കുറ്റക്കാർക്കെതിരെ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് സംസ്ഥാനത്തോട് അറിയിക്കാൻ ഞാൻ അദ്ദേഹത്തോട് ആവശ്യപ്പെടുന്നു’ -എന്നിങ്ങനെയായിരുന്നു കുറിപ്പ്. കടയുടമ മുകേഷിന് പിന്തുണയുമായി കാവി ഷാൾ അണിഞ്ഞ് സംഭവസ്ഥലത്തെത്താൻ ഹിന്ദുത്വ പ്രവർത്തകരോട് തേജസ്വി സൂര്യ ആഹ്വാനം ചെയ്തിരുന്നു. ഇതോടെ ചൊവ്വാഴ്ച സംഭവസ്ഥലത്തേക്ക് നൂറുകണക്കിന് പേരാണ് ഹനുമാൻ ചാലിസ മുഴക്കിയെത്തിയത്. ഇത് പ്രദേശത്ത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. പ്രതിഷേധത്തിനെത്തിയ തേജസ്വി സൂര്യ, ശോഭ കരന്ദ്‍ലാജെ എന്നിവരടക്കം 40 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാൽ പ്രതിഷേധത്തിന് മുൻകൂട്ടി അനുവാദം വാങ്ങിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് എം.പിമാരെയും പ്രവർത്തകരെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ പിന്നീട് വിട്ടയച്ചിരുന്നു.

article-image

asasxdxadsadssad

You might also like

Most Viewed