രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കില്ലെന്ന തീരുമാനം; കോൺഗ്രസിനുള്ളിൽ വ്യത്യസ്ത അഭിപ്രായം

അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കില്ലെന്ന തീരുമാനത്തിനെതിരെ കോൺഗ്രസിൽ വ്യത്യസ്ത അഭിപ്രായം. ചടങ്ങിൽ പങ്കെടുക്കുമെന്ന പ്രഖ്യാപനവുമായി ഹിമാചൽ പ്രദേശ് മന്ത്രി വിക്രമാദിത്യ സിങ് രംഗത്ത് വന്നിട്ടുണ്ട്. രാഷ്ട്രീയ തീരുമാനമെടുക്കുന്നതിൽ നിന്ന് കോൺഗ്രസിന് മാറി നിൽക്കാമായിരുന്നുവെന്നാണ് ഗുജറാത്തിൽ നിന്നുള്ള മുതിർന്ന നേതാവ് അർജുൻ മോദ്‍വാദിയ വ്യക്തമാക്കിയിരിക്കുന്നത്.
പുത്ര ധർമ്മം നിറവേറ്റുന്നതിനാണ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുന്നതെന്നാണ് വിക്രമാദിത്യ സിങ്ങിൻ്റെ വിശദീകരണം. തൻ്റെ പിതാവ് ശ്രീരാമഭക്തനായിരുന്നുവെന്നും വിക്രമാദിത്യ സിങ്ങ് വ്യക്തമാക്കി. വീർഭദ്ര സിങ്ങിന്റെ മകനെന്ന നിലയിൽ ചടങ്ങിൽ പങ്കെടുക്കേണ്ടത് തന്റെ കടമയെന്നാണ് ഹിമാചൽ പ്രദേശ് പൊതുമരാമത്ത് വകുപ്പ് മന്ത്രി വ്യക്തമാക്കി. രാഷ്ട്രീയക്കാരനായല്ല ചടങ്ങിൽ പങ്കെടുക്കുന്നതെന്നും വിശദീകരണം.
ചടങ്ങ് ബഹിഷ്കരിക്കാനുള്ള കോൺഗ്രസ് തീരുമാനത്തിനെതിരെ ഗുജറാത്തിലെ മുതിർന്ന നേതാവ് അർജുൻ മോദ്‍വാദിയയും രംഗത്തെത്തിയിട്ടുണ്ട്. രാഷ്ട്രീയ തീരുമാനമെടുക്കുന്നതിൽ നിന്ന് കോൺഗ്രസിന് മാറി നിൽക്കാമായിരുന്നുവെന്ന് അർജുൻ മോദ്‍വാദിയ അഭിപ്രായപ്പെട്ടു. കോൺഗ്രസ് തീരുമാനത്തെ രാഷ്ട്രീയവത്കരിക്കേണ്ടെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും വ്യക്തമാക്കി.
അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ്ങും നേരത്തെ വ്യക്തമാക്കിയിരുന്നു. അയോധ്യയിൽ പോകാൻ തനിക്ക് ക്ഷണം ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. രാമൻ ഹൃദയത്തിലാണ്. സംഘർഷം നടന്നപ്പോൾ ഉണ്ടായിരുന്ന രാമവിഗ്രഹം എവിടെയാണെന്നും എന്തിനാണ് ഇപ്പോൾ പുതിയ വിഗ്രഹം സ്ഥാപിക്കുന്നതെന്നും ദിഗ്‌വിജയ് സിങ്ങ് ചോദിച്ചിരുന്നു. നേരത്തെ രാമക്ഷേത്ര നിർമ്മാണത്തിന് ദിഗ്‌വിജയ് സിങ്ങ് സംഭാവനയും നൽകിയിരുന്നു. രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുമെന്ന് ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സുഖ്‌വിന്ദര്‍ സിംഗ് സുഖുവും നേരത്തെ വ്യക്തമാക്കിയിരുന്നു. ക്ഷണം കിട്ടിയില്ലെങ്കിലും അയോധ്യക്ക് പോകുമെന്നായിരുന്നു സുഖുവിൻ്റെയും നിലപാട്.
എന്നാൽ സോണിയ ഗാന്ധി, മല്ലികാർജുൻ ഖാര്‍ഗെ, അധിർ രഞ്ജൻ ചൗധരി എന്നിവർ പങ്കെടുക്കില്ലെന്ന് കോൺഗ്രസ് ഹൈക്കമാന്‍ഡ് അറിയിച്ചിരുന്നു. ചടങ്ങിനെ ബിജെപിയും ആർഎസ്എസും രാഷ്ട്രീയവൽകരിക്കുന്നുവെന്നും പങ്കെടുക്കില്ലെന്ന് അറിയിച്ച് കോൺഗ്രസ് നേതൃത്വം പറഞ്ഞു.
ASADSADSADSADS