ഉത്തരകാശിയിൽ രക്ഷാപ്രവർത്തനം വൈകും; മാനസിക സമ്മർദ്ദം കുറക്കാൻ തൊഴിലാളികൾക്ക് ചെസ്സും ലുഡോ ബോർഡും

ഡെറാഡൂൺ: ഉത്തരകാശിയിലെ സിൽക്യാര തുരങ്കത്തിൽ കുടുങ്ങിയവരെ രക്ഷിക്കാനായുള്ള രക്ഷാപ്രവർത്തനം താൽക്കാലികമായി നിർത്തിയതിന് പിന്നാലെ തൊഴിലാളികളുടെ മാനസിക സമ്മർദ്ദം കുറക്കാനുള്ള കൂടുതൽ നടപടികൾക്ക് തുടക്കം കുറിച്ച് അധികൃതർ. തൊഴിലാളികൾക്ക് ലുഡോ ബോർഡും ചെസ് ബോർഡും ചീട്ടും നൽകാൻ ആലോചിക്കുന്നതായി മനശാസ്ത്രജ്ഞൻ ഡോ.രോഹിത് ഗോണ്ട്വാൾ പറഞ്ഞു. തൊഴിലാളികളെ പുറത്തെക്കാനുള്ള ദൗത്യം ഇനിയും വൈകാനാണ് സാധ്യത. ഈയൊരു സാഹചര്യത്തിൽ തൊഴിലാളികളുടെ മാനസിക സമ്മർദ്ദം കുറക്കുന്നതിന് വേണ്ടിയാണ് നടപടി. എല്ലാദിവസവും ഡോക്ടർമാരുടെ സംഘം തൊഴിലാളികളുമായി സംസാരിക്കുന്നുണ്ട്. ഇവർ തൊഴിലാളികളുടെ ശാരീരിക, മാനസികാരോഗ്യത്തെ സംബന്ധിച്ച വിവരങ്ങൾ ചോദിച്ചറിയുന്നുണ്ട്. തൊഴിലാളികളുടെ ശാരീരിക മാനസികാരോഗ്യത്തിന് നിലവിൽ പ്രശ്നങ്ങളൊന്നുമില്ലെന്നും ഡോക്ടർമാരുടെ സംഘം വിശദീകരിച്ചു.
തുരങ്കത്തിൽ കുടുങ്ങിയ 41 തൊഴിലാളികളെ പുറത്തെത്തിക്കാനായി കുഴൽപാത നിർമിക്കുന്നതിനിടെ ഓഗർ യന്ത്രം ഉറപ്പിച്ചുനിർത്തിയ കോൺക്രീറ്റ് അടിത്തറ ഇളകിയത് പരിഹരിക്കാനുള്ള ശ്രമം പുരോഗമിക്കുന്നതായി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. യന്ത്രത്തിന്റെ അടിഭാഗം വലിയ ബോൾട്ട് ഇട്ട് പുതുതായി കോൺക്രീറ്റ് ചെയ്ത് അടിത്തറ ഉറപ്പിക്കുന്ന പ്രവർത്തനമാണ് നടത്തേണ്ടത്. കോൺക്രീറ്റ് അടിത്തറ സെറ്റാകുന്നതിന് ഇന്ന് ഉച്ച വരെയെങ്കിലും കാത്തിരിക്കേണ്ടിവരും. 11.30 മണിയോടെ ഡ്രില്ലിങ് പുനരാരംഭിക്കാൻ സാധിക്കുമെന്നാണ് ലഭിക്കുന്ന വിവരം. അതിനുശേഷം ചുരുങ്ങിയത് ആറു മണിക്കൂർ മുടക്കമില്ലാതെ പ്രവൃത്തി നടന്ന ശേഷമേ തൊഴിലാളികൾക്ക് പുറത്തുവരാനാകൂ. ഇതുവരെ 46.8 മീറ്റർ ആണ് കുഴൽപാത നിർമിച്ചതെന്നാണ് റിപ്പോർട്ട്.
adsadadsdas
adsadadsdas