സമരത്തിൽനിന്ന് പിന്മാറിയിട്ടില്ലെന്ന് സാക്ഷി മാലികും ബജ്റംഗ് പുനിയയും; പ്രചരിക്കുന്നത് വ്യാജവാർത്ത

ബി.ജെ.പി എം.പിയും ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷനുമായ ബ്രിജ്ഭൂഷൺ ശരൺ സിങ്ങിനെതിരെ ലൈംഗികാതിക്രമം ആരോപിച്ച് നടത്തുന്ന സമരത്തിൽനിന്ന് ഗുസ്തിതാരങ്ങൾ പിന്മാറിയെന്ന വാർത്ത നിഷേധിച്ച് സാക്ഷി മാലികും ബജ്റംഗ് പുനിയയും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ഗുസ്തി താരങ്ങൾ ചർച്ച നടത്തി രണ്ടു ദിവസത്തിന് ശേഷം ജോലിയിൽ തിരികെ പ്രവേശിച്ച താരങ്ങൾ, സമരത്തിൽനിന്ന് പിന്മാറിയതായി വാർത്ത പ്രചരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്ത പൂർണമായും തെറ്റാണെന്ന് സാക്ഷി ട്വിറ്ററിലൂടെ അറിയിച്ചു. ‘ഈ വാർത്ത പൂർണമായും തെറ്റാണ്. നീതിക്കായുള്ള പോരാട്ടത്തിൽനിന്ന് ഞങ്ങളിലാരും പിന്നോട്ടു പോയിട്ടില്ല. ഇനി പിൻമാറുകയുമില്ല. സത്യഗ്രഹം തുടരുന്നതിനൊപ്പം, റെയിൽവേയിലെ എന്റെ ഉത്തരവാദിത്തം കൂടി നിർവഹിക്കുന്നു എന്നേയുള്ളൂ. നീതി ഉറപ്പാകുന്നത് വരെ ഞങ്ങൾ സമരം തുടരും. ദയവു ചെയ്ത് തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുത്’ – സമരത്തിൽനിന്ന് പിന്മാറിയെന്ന ചാനൽ വാർത്തയുടെ സ്ക്രീൻ ഷോട്ട് സഹിതം സാക്ഷി ട്വിറ്ററിൽ കുറിച്ചു.
സമരത്തിൽനിന്ന് പിന്മാറിയെന്ന വാർത്ത ബജ്‌റങ് പുനിയയും നിഷേധിച്ചു. ‘സമരത്തിൽനിന്ന് പിൻവാങ്ങിയെന്ന വാർത്ത അഭ്യൂഹം മാത്രമാണ്. സമരമുഖത്തുള്ള ഞങ്ങളെ ഉപദ്രവിക്കാനാണ് ഇത്തരം വാർത്തകൾ പടച്ചുവിടുന്നത്. ഞങ്ങൾ സമരത്തെക്കുറിച്ച് പുനരാലോചന നടത്തുകയോ സമരത്തിൽനിന്ന് പിന്മാറുകയോ ചെയ്തിട്ടില്ല. എഫ്.ഐ.ആറുമായി ബന്ധപ്പെട്ട വാർത്തയും തെറ്റാണ്. നീതി ഉറപ്പാക്കുന്നതുവരെ പോരാട്ടം തുടരും’ – ബജ്റങ് പൂനിയ കുറിച്ചു.
dsfdfsdfsdfs