കർണാടകയിൽ ഉച്ചവരെ 40 ശതമാനം പോളിംഗ്

കർണാടകയിൽ 224 നിയമസഭ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പിൽ ഭേദപ്പെട്ട പോളിംഗ്. ഉച്ചയ്ക്ക് 12 വരെ 40 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. അക്രമസംഭവങ്ങൾ എവിടെയും റിപ്പോർട്ട് ചെയ്തിട്ടില്ല. ബെല്ലാരിയിലെ കാംപ്ലി മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ പോളിംഗ് (50.75%) രേഖപ്പെടുത്തിയിരിക്കുന്നത്. ദക്ഷിണ കന്നഡയിലെ ബെലത്തങ്ങാടിയിൽ (45.52%). ചാമരാജനഗറിലാണ് ഏറ്റവും കുറവ് പോളിംഗ് (10.75%). രാവിലെ ഏഴു മുതൽ വൈകുന്നേരം ആറു വരെയാണു വോട്ടെടുപ്പ്. 2615 സ്ഥാനാർഥികളാണു ജനവിധി തേടുന്നത്. ആകെ 5.3 കോടി വോട്ടർമാർ. ശനിയാഴ്ചയാണ് വോട്ടെണ്ണൽ. 80 വയസിനു മുകളിലുള്ളവരിൽ 90 ശതമാനവും ഇതിനോടകം വീടുകളിൽ വോട്ടു രേഖപ്പെടുത്തി.
ഭരണകക്ഷിയായ ബിജെപിയും പ്രധാന പ്രതിപക്ഷമായ കോൺഗ്രസും തമ്മിൽ ഇഞ്ചോടിഞ്ചു പോരാട്ടമാണു ഭൂരിപക്ഷം മണ്ഡലങ്ങളിലും നടക്കുന്നത്. തങ്ങളുടെ മേഖലകളിൽ സ്വാധീനം നിലനിർത്താനാണ് ജെഡി-എസ് ലക്ഷ്യമിടുന്നത്. എക്സിറ്റ് പോൾ ഫലങ്ങൾ വൈകുന്നേരത്തോടെ പുറത്തുവരും.
czcdszcxz