ആതിഖ് അഹമ്മദിന്റെ മകൻ അസദിനെ പൊലീസ് ഏറ്റുമുട്ടലിൽ വധിച്ചു


മുൻ എം.പിയും ക്രിമിനൽ കേസ് പ്രതിയുമായ ആതിഖ് അഹമ്മദിന്റെ മകൻ അസദിനെയും തലയ്ക്ക് 5 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച ഗുലാം എന്നയാളെയും ഉത്തർപ്രദേശ് സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് (എസ്‌.ടി.എഫ്) ഝാൻസിയിൽ ഏറ്റുമുട്ടലിൽ വധിച്ചു. ഡെപ്യൂട്ടി എസ്.പിമാരായ നവേന്ദു, വിമൽ എന്നിവരുടെ നേതൃത്വത്തിലുള്ള ഉത്തർപ്രദേശ് സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് സംഘമാണ് ഇരുവരെയും കൊലപ്പെടുത്തിയത്.

rn

ഉമേഷ് പാൽ വധക്കേസുമായി ബന്ധപ്പെട്ട് യു.പി പൊലീസ് സംഘം ആതിഖ് അഹമ്മദിനെ ഗുജറാത്തിലെ സബർമതി ജയിലിൽനിന്ന് പ്രയാഗ്‌രാജിലെ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് (സിജെഎം) കോടതിയിൽ ഹാജരാക്കാൻ ഇന്ന് കൊണ്ടുവന്നിരുന്നു. അതിനിടെയാണ് മകനെ പൊലീസ് കൊലപ്പെടുത്തിയത്. മരിച്ചവരിൽ നിന്ന് അത്യാധുനിക വിദേശ നിർമ്മിത ആയുധങ്ങൾ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. താനും കുടുംബാംഗങ്ങളും കൊല്ലപ്പെടാൻ സാധ്യതയുണ്ടെന്നും സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് ആതിഖ് അഹമ്മദ് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഹരജി പരിഗണിക്കാൻ വിസമ്മതിച്ച സുപ്രീം കോടതി ഹൈകോടതിയെ സമീപിക്കാനാണ് നിർദേശിച്ചത്. ഗുജറാത്തിലെ സബർമതി ജയിലിൽ നിന്ന് തന്നെ യു.പിയിലെ ജയിലിലേക്ക് മാറ്റുന്നത് വധിക്കാനാണെന്നും അതിനാൽ ജയിൽ മാറ്റം തടയണമെന്നും തനിക്ക് സംരക്ഷണം നൽകണമെന്നുമായിരുന്നു ആതിഖിന്റെ ആവശ്യം. ‘എന്റെ കുടുംബം നശിച്ചു. മാധ്യമങ്ങൾ ഉള്ളതിനാൽ ഞാൻ സുരക്ഷിതനാണ്. ജയിലിൽ ജാമറുകൾ സ്ഥാപിച്ചതിനാൽ ഞാൻ ആരെയും ഫോണിൽ വിളിച്ചിട്ടില്ല. ഒരു ഗൂഢാലോചനയും നടത്തിയിട്ടില്ല, കഴിഞ്ഞ ആറ് വർഷമായി ജയിലിൽ കഴിയുകയാണ്’ 60 കാരനായ മുൻ ഉത്തർപ്രദേശ് എം.എൽ.എയും ലോക്‌സഭാംഗവുമായ ആതിഖ് അഹമ്മദ് ഇന്നലെ പറഞ്ഞു. ബി.എസ്.പി എം.എൽ.എ രാജു പാലിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യസാക്ഷി ഉമേഷ് പാലിന്റെ വധം ഉൾപ്പെടെ നൂറിലധികം ക്രിമിനൽ കേസുകളിൽ പ്രതിയാണ് ആതിഖ് അഹമ്മദ്. 2005ലാണ് ബി.എസ്.പി എം.എൽ.എ രാജു പാൽ കൊല്ലപ്പെട്ടത്. ഉമേഷ് പാൽ ഈ വർഷം ഫെബ്രുവരി 24ന് പ്രയാഗ്‌രാജിലെ വസതിക്ക് പുറത്ത് വെടിയേറ്റ് മരിക്കുകയായിരുന്നു. ഉമേഷ് പാലിന്റെ ഭാര്യ ജയപാൽ നൽകിയ പരാതിയിൽ ആതിഖ് അഹമ്മദ് അടക്കം 16 പേർക്കെതിരെ കേസെടുത്തിരുന്നു. 2006ൽ ഉമേഷ് പാലിനെ തട്ടിക്കൊണ്ടുപോയ കേസിൽ മാർച്ച് 28ന് അഹമ്മദിനെയും മറ്റ് രണ്ട് പേരെയും കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു.

article-image

DFGGR

You might also like

  • Straight Forward

Most Viewed