പഞ്ചാബിൽ മന്ത്രി ഫൗജസിങ് സരാരി രാജിവെച്ചു

പഞ്ചാബിലെ എ.എ.പി സർക്കാരിനെ പ്രതിസന്ധിയിലാക്കി മന്ത്രി ഫൗജസിങ് സരാരി രാജിവെച്ചു. അഴിമതി ആരോപണമുയർന്നതിനെ തുടർന്നാണ് രാജി. വ്യക്തിപരമായ കാര്യങ്ങളെ തുടർന്നാണ് രാജിയെന്നാണ് ഫൗജ സിങ് നൽകിയ വിശദീകരണം.സരാരിയുടെ രാജിക്ക് തൊട്ടുപിന്നാലെ മന്ത്രിസഭ വിപുലീകരണത്തിന് എ.എ.പി സർക്കാർ തീരുമാനിച്ചു. വിപുലീകരണം ഇന്ന് വൈകീട്ടോടെ നടക്കുമെന്നാണ് സൂചന. ഇതിനായി പഞ്ചാബ് ഗവർണറോട് സർക്കാർ സമയം ആവശ്യപ്പെട്ടിട്ടുണ്ട്. സരാരിയുടെ പകരക്കാരൻ ഇന്ന് വൈകീട്ട് തന്നെ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് റിപ്പോർട്ട്.
പട്യാല എം.എൽ.എ ഡോ. ബൽബീർ സിങ്ങോ ജാഗ്രോൺ എം.എൽ.എ സരവ്ജിത് കൗർ മനുകെയോ ആയിരിക്കും സരാരിയുടെ പിൻഗാമി എന്നാണ് കരുതുന്നത്. അധികാരത്തിലേറി ഒമ്പതു മാസത്തിനുള്ളിൽ എ.എ.പി മന്ത്രിസഭയിൽ നിന്ന് പുറത്താകുന്ന രണ്ടാമത്തെ മന്ത്രിയാണ് സരാരി. നേരത്തെ അഴിമതി ആരോപണത്തെ തുടർന്ന് ഡോ. വിജയ് സിംഗ്ലയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കിയിരുന്നു. ജൂലൈയിലാണ് സരാരി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. സെപ്റ്റംബറിൽ ഇദ്ദേഹത്തിനെതിരായ ഒരു ശബ്ദ സന്ദേശം വൈറലായിരുന്നു. ഭക്ഷ്യധാന്യം കടത്തുന്നവരെ കുടുക്കാനുള്ള പദ്ധതിയെ കുറിച്ചാണ് മന്ത്രി അതിൽ പറയുന്നത്. എന്നാൽ ശബ്ദ സന്ദേശം വ്യാജമാണെന്നാണ് സരാരി അവകാശപ്പെട്ടത്. നേരത്തെ, എ.എ.പി സംസ്ഥാന അധ്യക്ഷൻ കൂടിയായ മുഖ്യമന്ത്രി ഭഗവന്ത് മാൻ അദ്ദേഹത്തിന് നോട്ടീസ് നൽകിയിരുന്നു. നോട്ടീസിന് സരാരി മറുപടി നൽകിയിരുന്നില്ല.
fgjfgj