സഹയാത്രികയുടെ മേൽ മൂത്രമൊഴിച്ച സംഭവം: ബിസിനസുകാരൻ ശേഖര്‍ മിശ്രയ്‌ക്കെതിരെ പൊലീസ് കേസെടുത്തു


വിമാനത്തില്‍ സഹയാത്രികയായ സ്ത്രീയുടെ മേല്‍ മൂത്രമൊഴിച്ച സംഭവത്തില്‍ മുംബൈയിലെ ബിസിനസുകാരനെതിരെ കേസെടുത്ത് ഡല്‍ഹി പൊലീസ്. മുംബൈയില്‍ ബിസിനസ് നടത്തുന്ന ശേഖര്‍ മിശ്രയ്‌ക്കെതിരെയാണ്(50) പൊലീസ് കേസെടുത്തിരിക്കുന്നത്. നവംബര്‍ 26 ന് ന്യൂയോര്‍ക്കില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള വിമാനയാത്രക്കിടെയായിരുന്നു സംഭവം. അറസ്റ്റ് ഉടന്‍ തന്നെ ഉണ്ടായേക്കുമെന്നാണ് പ്രാഥമിക വിവരം.

മാന്യമല്ലാത്ത പെരുമാറ്റം, മദ്യപിച്ച് മോശമായി പെരുമാറുക, പൊതുസ്ഥലത്ത് അശ്ലീലത കാണിക്കല്‍, എയര്‍ക്രാഫ്റ്റ് നിയമങ്ങള്‍ ലംഘിക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് മിശ്രയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഏകദേശം മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.'പ്രതി മുംബൈ നിവാസിയാണ്, എന്നാല്‍ ഇയാള്‍ ഇപ്പോള്‍ മറ്റൊരു സംസ്ഥാനത്താണ് ഉളളത്, പൊലീസ് സംഘം അവിടെ എത്തിയിട്ടുണ്ട്. പ്രതിയെ എത്രയും വേഗം അറസ്റ്റ് ചെയ്യും', ഡല്‍ഹി പൊലീസ് അറിയിച്ചു. ഡിസംബര്‍ 28നാണ് എയര്‍ലൈന്‍ സംഭവം പൊലീസിനെ അറിയിച്ചതെന്നും തുടര്‍ന്ന് അന്ന് തന്നെ ഡല്‍ഹി പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നുവെന്നും ഉദ്യാഗസ്ഥര്‍ പറഞ്ഞു.

എയര്‍ ഇന്ത്യ വിമാനത്തിന്റെ ബിസിനസ് ക്ലാസില്‍ മദ്യലഹരിയിലായിരുന്ന സഹയാത്രികന്‍ യാത്രക്കാരിക്ക് നേരെ മൂത്രമൊഴിച്ചെന്നായിരുന്നു പരാതി. സഹയാത്രികന്റെ നഗ്‌നതാ പ്രദര്‍ശനത്തിലുള്‍പ്പടെ ജീവനക്കാരോട് പരാതി പറഞ്ഞിട്ടും നടപടിയുണ്ടായില്ലെന്നും ആരോപണമുണ്ട്. ന്യൂയോര്‍ക്കില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള വിമാനത്തിലായിരുന്നു സംഭവം. ടാറ്റാ ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന് രേഖാമൂലം പരാതി നല്‍കിയതോടെ മാത്രമാണ് സംഭവത്തില്‍ അന്വേഷണം നടത്താന്‍ എയര്‍ ഇന്ത്യ തയ്യാറായതെന്ന് യാത്രക്കാരി പറഞ്ഞിരുന്നു. ഉച്ചയ്ക്ക് ആഹാരം നല്‍കിയ ശേഷം വിമാനത്തിലെ ലൈറ്റുകള്‍ അണച്ച ശേഷം മദ്യലഹരിയിലായിരുന്ന യാത്രക്കാരന്‍ തന്റെ അടുത്തെത്തുകയും സ്വകാര്യഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കുകയുമായിരുന്നുവെന്ന് യാത്രക്കാരി പറഞ്ഞു. തുടര്‍ന്ന് മൂത്രമൊഴിച്ച ശേഷം ഇയാള്‍ അവിടെ തന്നെ നില്‍ക്കുകയായിരുന്നുവെന്നും മറ്റൊരു യാത്രക്കാരനെത്തി മാറാന്‍ പറഞ്ഞതിന് ശേഷമാണ് ഇയാള്‍ അവിടെ നിന്നും പോയതെന്നും യുവതി പരാതിയില്‍ പറഞ്ഞിരുന്നു.

മൂത്രം വീണ് തന്റെ വസ്ത്രങ്ങളും ബാഗും ഷൂസും ഉള്‍പ്പടെ നനഞ്ഞുവെന്നും അവര്‍ പറഞ്ഞു. വിമാനജീവനക്കാരിയെത്തി സീറ്റിലും മറ്റും അണുനാശിനി തളിച്ചു. ജീവനക്കാരില്‍ ഒരാളാണ് ധരിക്കാന്‍ പൈജാമയും ചെരിപ്പും നല്‍കിയത്. എന്നാല്‍ ബിസിനസ് ക്ലാസില്‍ മറ്റു സീറ്റുകളുണ്ടായിട്ടും നനഞ്ഞ സീറ്റില്‍ ഇരിക്കാന്‍ ജീവനക്കാര്‍ തന്നെ നിര്‍ബന്ധിച്ചുവെന്നും, രണ്ട് മണിക്കൂറിന് ശേഷമാണ് മറ്റൊരു സീറ്റ് നല്‍കിയതെന്നും യാത്രക്കാരി ആരോപണം ഉന്നയിച്ചിട്ടുണ്ട്. സംഭവം തനിക്ക് വലിയ ആഘാതമാണുണ്ടാക്കിയതെന്നും പരാതി പറഞ്ഞിട്ടും ജീവനക്കാര്‍ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും ഇവര്‍ പറഞ്ഞിരുന്നു. അതിക്രമം നടത്തിയ ആള്‍ യാതൊരു നടപടിയും നേരിടാതെ വിമാനത്താവളത്തില്‍ നിന്ന് പുറത്തുപോകുകയായിരുന്നു.

ടാറ്റാ ഗ്രൂപ്പ് ചെയര്‍മാന് പരാതി നല്‍കിയതിന് ശേഷം മാത്രമാണ് വിമാനക്കമ്പനി അന്വേഷണം ആരംഭിച്ചതെന്നാണ് ആക്ഷേപം. അതേസമയം സംഭവത്തില്‍ എയര്‍ ഇന്ത്യ പൊലീസില്‍ പരാതി നല്‍കിയതായി വാര്‍ത്താ ഏജന്‍സി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. അതിക്രമം നടത്തിയ ആളെ 'നോ ഫ്‌ലൈ' ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ ശുപാര്‍ശ ചെയ്യാന്‍ അഭ്യന്തര അന്വേഷണ കമ്മീഷനെ നിയോഗിച്ചതായും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.

article-image

gdfgfg

You might also like

  • Lulu Exchange
  • Straight Forward

Most Viewed