നാല് ദിവസത്തെ കഠിന പരിശ്രമം പാഴായി; കുഴൽക്കിണറിൽ വീണ എട്ടുവയസുകാരൻ മരിച്ചു

മധ്യപ്രദേശിൽ കുഴൽക്കിണറിൽ വീണ എട്ടുവയസുകാരൻ മരിച്ചു. ബേതുൽ ജില്ലയിലെ മാണ്ഡവി ഗ്രാമത്തിൽ ഡിസംബർ 6നായിരുന്നു സംഭവം. ഫാമിൽ കളിക്കുന്നതിനിടെ 8 വയസുകാരൻ തൻമയ് സാഹു 55 അടി താഴ്‌ചയുള്ള കുഴൽക്കിണറിലേക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ സംസ്ഥാന ദുരന്ത നിവാരണസേന, ഹോം ഗാർഡ്, പോലീസ് എന്നിവരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു.
നാല് ദിവസത്തെ കഠിന പരിശ്രമത്തിനൊടുവിൽ തൻമയെ പുറത്തെത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം ബേതുൽ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അതേസമയം, കുട്ടിയെ രക്ഷിക്കുന്നതിൽ അധികൃതർക്ക് വീഴ്ച പറ്റിയെന്ന് ആരോപിച്ച് തൻമയുടെ കുടുംബം രംഗത്തെത്തി. ഒരു ഉന്നത നേതാവിന്റെ മകനായിരുന്നെങ്കിൽ രക്ഷിക്കാൻ ഇത്രയും സമയമെടുക്കുമായിരുന്നോ എന്നാണ് കുട്ടിയുടെ അമ്മയുടെ ചോദ്യം.
മൂന്നാം ക്ലാസ് വിദ്യാർത്ഥിയാണ് തൻമയ് സാഹു. ദിവസങ്ങളായി തൻമയുടെ ജീവനായി അധ്യാപകരും സുഹൃത്തുക്കളും പ്രാർത്ഥനയോടെ കാത്തിരിക്കുകയായിരുന്നു. എന്നാൽ ഇവയെല്ലാം വിഫലമാക്കിക്കൊണ്ടാണ് തൻമയ് യാത്രയായത്.
dryyr