പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്ക് നിശ്ചയിക്കാനുള്ള ഡിആർഎമ്മുമാരുടെ അധികാരം പിൻവലിച്ച് റെയിൽവേ

പ്ലാറ്റ്‌ഫോം ടിക്കറ്റുകൾക്ക് നിരക്ക് നിശ്ചയിക്കാനുള്ള ഡിവിഷനൽ റെയിൽവേ മാനേജർ (ഡിആർഎം) മാരുടെ അധികാരം പിൻവലിച്ച് റെയിൽവേ ബോർഡ്. പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്കുകൾ 10 രൂപയിൽ നിന്ന് 50 രൂപ വരെ വർധിപ്പിച്ചത് ഏറെ വിവാദങ്ങൾ ഉയർത്തിയിരുന്നു. യാത്രക്കാരെ ഒട്ടേറെ ബുദ്ധിമുട്ടിലാക്കിയ അപ്രതീക്ഷിത നിരക്ക് വർധനവിനെ തുടർന്നാണ് റെയിൽവേ ബോർഡിന്റെ നീക്കം. 2015ലാണ് പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്കുകൾ നിശ്ചയിക്കാനും ഭേദഗതി വരുത്താനുമുള്ള അധികാരം ഡിആർഎമ്മുമാർക്ക് നൽകുന്നത്. ഉത്സവങ്ങൾ പോലുള്ള വിശേഷാവസരങ്ങളിൽ ആളുകൾ അനാവശ്യമായി സ്‌റ്റേഷനിൽ പ്രവേശിക്കുന്നത് തടയാൻ പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്കുകൾ ഉയർത്താറുണ്ട്. 2019 ൽ റെയിൽവേ ബോർഡ് സർക്കുലറിൽ പ്ലാറ്റ്‌ഫോം ടിക്കറ്റുകളുടെ നിരക്ക് ഏകീകൃത സ്വഭാവമുള്ളതല്ലെന്നും ആവശ്യമുള്ളപ്പോൾ മാറ്റാമെന്നും വ്യക്തമാക്കിയിരുന്നു.
കൊവിഡിന് ശേഷം ട്രെയിൻ സർവീസുകൾ പുനരാരംഭിച്ചതോടെ സ്‌റ്റേഷനുകളിലെ തിരക്ക് നിയന്ത്രിക്കുന്നതിന് വേണ്ടി പ്ലാറ്റ്‌ഫോം നിരക്കുകൾ ഉയർത്തിയിരുന്നു.
2021 മേയ് ഒന്ന് മുതൽ ജൂലൈ 31 വരെ 50 രൂപയായിരുന്നു പാലക്കാട് ഡിവിഷനിലെ പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്ക്. തിരക്ക് കുറയ്ക്കുന്നതിന് പകരം വരുമാനം വർധിപ്പിക്കാനുള്ള വഴിയായി മാറിയതോടെയാണ് സംഭവം വിവാദമായത്.
wsyery