നഗരസഭയിലെ കത്ത് വിവാദം; രണ്ടാമത്തെ കത്ത് തയ്യാറാക്കിയത് താൻ തന്നെയെന്ന് സിപിഎം പാർലമെന്ററി പാർട്ടി സെക്രട്ടറി ഡി.ആർ അനിൽ

നഗരസഭയിലെ കത്ത് വിവാദത്തിൽ രണ്ടാമത്തെ കത്ത് തയ്യാറാക്കിയത് താൻ തന്നെയെന്ന് സമ്മതിച്ച് സിപിഎം പാർലമെന്ററി പാർട്ടി സെക്രട്ടറി ഡി.ആർ അനിൽ. കത്തെഴുതിയപ്പോൾ തന്നെ അത് ശരിയല്ലെന്ന് തോന്നി. വേഗത്തിലാക്കാൻ വേണ്ടി ഇടപെടാമോയെന്നാണ് കത്ത് തയ്യാറാക്കിയതിലൂടെ ഉദ്ദേശിച്ചത്. എന്നാൽ കത്ത് ജില്ലാ സെക്രട്ടറിക്ക്‌കൈമാറിയിട്ടില്ല. മേയറുടെ കത്ത് സംബന്ധിച്ച് നിജസ്ഥിതി പുറത്തുവരട്ടെയെന്നും ഡി.ആർ. അനിൽ പറഞ്ഞു. അതേസമയം മേയറുടെ ലെറ്റർ പാഡിൽ പുറത്തുവന്ന കത്ത് സംബന്ധിച്ച മേയർ ആര്യാ രാജേന്ദ്രന്റെ പരാതിയിൽ സർക്കാർ ഇന്ന് അന്വേഷണം പ്രഖ്യാപിച്ചേക്കും. പാർട്ടി നിർദേശപ്രകാരമാണ് മേയർ മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.
മേയറുടെ പരാതി പ്രത്യേക അന്വേഷണസംഘത്തിന് കൈമാറാനാണ് സാധ്യത. തന്റെ അറിവോ സമ്മതമോ ഇല്ലാതെ തയ്യാറാക്കിയ കത്തിനെ കുറിച്ച് അന്വേഷണം വേണമെന്നാണ് മുഖ്യമന്ത്രിയോട് മേയർ ആവശ്യപ്പെട്ടത്. ഫൊറൻസിക് പരിശോധന അടക്കമുള്ള ശാസ്ത്രീയ വഴികളിലൂടെ അന്വേഷണം വേണ്ടിവരും. കത്ത് വിവാദത്തിനിടെ സിപിഎമ്മിന്റെ ജില്ലാ സെക്രട്ടറിയേറ്റും ജില്ലാ കമ്മിറ്റിയും ഇന്ന് ചേരും. 15ലെ രാജ്ഭവൻ മാർച്ചിന്റെ ഒരുക്കങ്ങൾക്കായാണ് കമ്മിറ്റികൾ ചേരുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. യോഗങ്ങളുടെ അജണ്ടയിൽ കത്ത് വിവാദം ഉൾപ്പെടുത്തിയിട്ടുമില്ല. എങ്കിലും ആരെങ്കിലും വിഷയം ഉന്നയിച്ചാൽ ചർച്ച നടക്കും.
മകനപത
ിഗുബദ