അയോധ്യ രാമക്ഷേത്രം 2024ൽ തുറക്കും

‘അയോധ്യ രാമ ക്ഷേത്ര’ നിർമ്മാണത്തിന്റെ 40 ശതമാനം പൂർത്തിയായതായി എഞ്ചിനീയർമാർ. നിർമ്മാണ പ്രവർത്തികൾ അതിവേഗം പുരോഗമിക്കുന്നു. ക്ഷേത്രത്തിന്റെ ഒന്നാം നില 2024−ന്റെ തുടക്കത്തോടെ സജ്ജമാകുമെന്ന് പ്രതീക്ഷിക്കുന്നതായും രാമജന്മഭൂമി ട്രസ്റ്റിന്റെ കീഴിലെ 5 സൂപ്പർവൈസിംഗ് ചീഫ് എഞ്ചിനീയർമാരിൽ ഒരാളായ ജഗദീഷ് പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി അയോധ്യയിൽ രാമക്ഷേത്രത്തിന് തറക്കല്ലിട്ട് രണ്ട് വർഷം പിന്നിടുമ്പോൾ നിർമ്മാണത്തിന്റെ 40 ശതമാനം പൂർത്തീകരിച്ചു. ക്ഷേത്ര സ്തംഭ നിർമ്മാണ ജോലികൾ അതിവേഗം പുരോഗമിക്കുകയാണ്. ഇതോടൊപ്പം ശ്രീകോവിലിൻ്റെ നിർമ്മാണ ജോലിയും ആരംഭിച്ചു. രാജസ്ഥാനിൽ നിന്നുള്ള പിങ്ക് മണൽക്കല്ലാണ് ക്ഷേത്ര ചുവരുകൾക്ക് ഉപയോഗിക്കുന്നത്. സൈറ്റ് ഇന്ന് മാധ്യമങ്ങൾക്കായി തുറന്നുകൊടുക്കുകയും ചെയ്തു.
രാജസ്ഥാനിലെ മക്രാന മലനിരകളിൽ നിന്നുള്ള വെള്ള മാർബിളുകൾ ശ്രീകോവിലിൽ ഉപയോഗിക്കുമെന്ന് ക്ഷേത്രനിർമ്മാണ ചുമതലയുള്ള രാമജന്മഭൂമി ട്രസ്റ്റ് പ്രസ്താവനയിൽ പറഞ്ഞു. 8 മുതൽ 9 ലക്ഷം ക്യുബിക് അടി കൊത്തിയെടുത്ത മണൽക്കല്ലുകൾ, 6.37 ലക്ഷം ക്യുബിക് അടി കൊത്തുപണികളില്ലാത്ത കരിങ്കൽൽ, 4.70 ലക്ഷം ക്യുബിക് അടി കൊത്തിയെടുത്ത പിങ്ക് മണൽക്കൽൽ, 13,300 ക്യുബിക് അടി മക്രാന വെള്ള കൊത്തുപണികളുള്ള മാർബിൾ എന്നിവ ക്ഷേത്ര പദ്ധതിക്കായി ഉപയോഗിക്കുമെന്ന് ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു.
ശിലാസ്ഥാപനത്തിൽ ഉപയോഗിക്കുന്ന കൂറ്റൻ കല്ലുകൾ ക്രെയിൻ ഉപയോഗിച്ച് ഉയർത്തുന്ന വീഡിയോ ദേശീയ മാധ്യമങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. ഈ വർഷം ജൂണിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ‘ഗർഭ ഗൃഹ’ത്തിന്റെ അല്ലെങ്കിൽ ക്ഷേത്രത്തിന്റെ ശ്രീകോവിലിന്റെ തറക്കല്ലിടൽ ചടങ്ങിൽ പങ്കെടുത്തിരുന്നു. നിർണ്ണായകമായ 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് സന്നിധാനം ഭക്തർക്കായി തുറന്ന്, രാഷ്ട്രീയ നേട്ടമായി ഉയർത്തിക്കാട്ടാനാണ് ബിജെപി ശ്രമിക്കുന്നത്.