സണ്ണി ലിയോൺ കേരളത്തിലെത്തുന്നു

മൺസൂൺ കാലത്ത് കേരളത്തെ ത്രസിപ്പിക്കാൻ ക്ലൗഡ് ബർസ്റ്റ് ഫെസ്റ്റിവലുമായി ഇമാജിനേഷൻ ക്യുറേറ്റീവ്‌സ്. കൊച്ചിയിലും തിരുവന്തപുരത്തും സംഘടിപ്പിക്കുന്ന പരിപാടിയിൽ ബോളിവുഡ് തരാം സണ്ണി ലിയോണും പങ്കെടുക്കുന്നു. ഓഗസ്റ്റ് 13ന് കൊച്ചിയിലും ഓഗസ്റ്റ് 14 ന് തിരുവന്തപുരത്തും നടക്കുന്ന സംഗീത പരിപാടിയായ ക്ലൗഡ് ബർസ്റ്റിൽ സണ്ണി ലിയോൺ സ്‌റ്റേജ് ഷോയുമായി കാണികളെ രസിപ്പിക്കും.
സംഗീതം, നൃത്തം, സ്റ്റാൻഡ് അപ് ആക്ടുകൾ അവതരിപ്പിക്കുന്ന എന്നീ കലാകാരന്മാർക്കൊപ്പം സംസ്ഥാനതലത്തിലുള്ളവരും ആസ്വാദകരുടെ മനം കവരാനെത്തുന്നുണ്ട്. മൂന്ന് സെഗ്മെന്റുകളായാണ് ക്ലൗഡ് ബർസ്റ്റ് ഡിസൈൻ ചെയ്തിരിക്കുന്നത്. ഇരുപത്തിയഞ്ചിലധികം കലാകാരന്മാർ ആറുമണിക്കൂർ തുടർച്ചയായി സ്റ്റേജിൽ പ്രോഗ്രാമുകളുമായി എത്തും.
ഈ മൺസൂൺ ഉത്സവത്തിന്റെ അവസാനഘട്ടത്തിൽ നടക്കുന്ന ഇലക്ട്രോണിക് മ്യൂസിക്കിനനുസരിച്ചാണ് സണ്ണി ലിയോണിയുടെ പെർഫോമൻസ് അരങ്ങേറുക. കേരളത്തിൽ ആദ്യമായാണ് അവർ ഇത്തരത്തിലുള്ള ഒരുപരിപാടി അവതരിപ്പിക്കുന്നത്. ബ്ലെസ്‌ലി, ഫെജോ, ഇമ്പാച്ചി, എം.സി. കൂപ്പർ (ജനപ്രിയ ഹിപ്‌ഹോപ് ഇന്‍ഡി ആർടിസ്റ്റുകൾ, അജയ് സത്യൻ (സ്റ്റാർ സിംഗർ ഫെയിം), ഫൈസൽ റാസി (പൂമരം) ഫെയിം തുടങ്ങി നിരവധി കലാകാരന്മാരുടെ പ്രകടനങ്ങൾ ആസ്വദിക്കാനുള്ള വേദിയാണ് ഇമാജിനേഷൻ ക്യൂറേറ്റീവ്‌സ് ഒരുക്കുന്നത്. വൈകിട്ട് നാലിന് ആരംഭിക്കുന്ന പരിപാടി ആരാധകർക്ക് മികച്ച അനുഭവമായിരിക്കും. ഈ ടീമിന്റെ അതേ പരിപാടി 14ന് തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ അരങ്ങേറും.