വൈറലായ നഗ്ന ഫോട്ടോഷൂട്ട്; രൺവീർ സിങ്ങിനെതിരെ കേസ്

രൺവീർ സിങ്ങിന്റെ നഗ്ന ഫോട്ടോ ഷൂട്ട് കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അദ്ദേഹത്തെ പ്രശംസിച്ചും വിമർശിച്ചും കമന്റുകളും ഉയർന്നിരുന്നു. പൂർണ നഗ്നനായാണ് അദ്ദേഹം ഫോട്ടോ ഷൂട്ട് നടത്തിയത്.
പേപ്പർ മാഗസിന് വേണ്ടിയായിരുന്നു ഈ ഷൂട്ട്. എന്നാൽ ഇപ്പോൾ രൺവീർ സിങ്ങിനെതിരെ കേസെടുത്തിരിക്കുകയാണ്. സ്ത്രീകളുടെ വികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് മുംബൈ പൊലീസിന് പരാതി ലഭിച്ചതിനെ തുടർന്നാണ് കേസ്.
ഒരു എൻജിഒ ഭാരവാഹിയാണ് രൺവീറിനെതിരെ എഫ്.ഐ.ആർ ഫയൽ ചെയ്യണമെന്നാവശ്യപ്പെട്ട് പരാതി നൽകിയത്. പബ്ലിസിറ്റിക്കുള്ള ശ്രമമാണെന്നും ഇത്തരം പ്രവണതകൾ എതിർക്കപ്പെടണമെന്നുമാണ് പരാതിയിൽ പറയുന്നത്. ഐ.ടി ആക്ട്, ഐ.പി.സി നിയമങ്ങൾ പ്രകാരമുള്ള കുറ്റങ്ങൾ ചുമത്തി നടനെതിരെ കേസെടുക്കണമെന്നാണ് പരാതി നൽകിയ ആളുടെ ആവശ്യം.
1972−ൽ കോസ്മോപൊളിറ്റൻ മാസികയ്ക്കായി ബർട്ട് റെയ്നോൾഡ്സിന്റെ ഐക്കോണിക് ഫോട്ടോഷൂട്ടിനുള്ള ആദരാഞ്ജലിയായിരുന്നു പേപ്പർ മാസികയ്ക്ക് വേണ്ടി നടത്തിയ രൺവീറിന്റെ ഫോട്ടോഷൂട്ട്. ‘ദി ലാസ്റ്റ് ബോളിവുഡ് സൂപ്പർ സ്റ്റാർ’ എന്ന ക്യാപ്ഷനോടുകൂടിയാണ് പേപ്പർ മാഗസിൻ ഈ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരുന്നത്.
താരം നടത്താറുള്ള ഫോട്ടോ ഷൂട്ടുകൾ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടാറുണ്ട്. വേറിട്ട ലുക്കും കോസ്റ്റ്യൂമും രൺവീർ പരീക്ഷിക്കാറുണ്ട്. അദ്ദേഹത്തിന്റെ ഫോട്ടോ ഷൂട്ട് ലുക്കുകൾക്ക് ആരാധകർ ഏറെയാണ്.‘റോക്കി ഓർ റാണി കി പ്രേം കഹാനി’ എന്ന ചിത്രത്തിലാണ് അദ്ദേഹമിപ്പോൾ പ്രവർത്തിക്കുന്നത്. ആലിയ ഭട്ട്, ജയ ബച്ചൻ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.