നാഷണൽ ഹെറാൾഡ് കേസ്; സോണിയ ഗാന്ധിയെ ഇഡി ഇന്ന് വീണ്ടും ചോദ്യം ചെയ്യും

നാഷണൽ ഹെറാൾഡ് കേസിൽസോണിയ ഗാന്ധിയെ ഇന്ന് വീണ്ടും (ED)എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും. ജൂലൈ 21ന് സോണിയാ ഗാന്ധിയെ ഇഡി ആദ്യ ഘട്ടമായി ചോദ്യം ചെയ്തിരുന്നു. എന്നാൽ സുഖമില്ലെന്ന് ചൂണ്ടിക്കാട്ടി ചോദ്യം ചെയ്യൽ പൂർത്തിയാക്കാൻ അന്ന് സാധിച്ചിരുന്നില്ല. ഇതിന്റെ ഭാഗമായാണ് ജൂലൈ 26ന് ഹാജരാകാൻ ഇഡി സോണിയാ ഗാന്ധിയ്ക്ക് നിർദേശം നൽകിയത്.
അതേസമയം സോണിയ ഗാന്ധിക്കെതിരായ ഇഡി നടപടിക്കെതിരെ രാജ്ഘട്ടിൽ പ്രതിഷേധിക്കാനുള്ള കോൺഗ്രസ് നേതൃത്വത്തിന്റെ നീക്കത്തിന് ദില്ലി പൊലീസ് അനുമതി നിഷേധിച്ചു. കേസുമായി ബന്ധപ്പെട്ട് രാഹുൽഗാന്ധിയുടെ മൊഴിയിലെ അവ്യക്തമായ കാര്യങ്ങൾ സോണിയയോട് ഇഡി ചോദിച്ചതായാണ് വിവരം. യംഗ് ഇന്ത്യയിലെ ഓഹരി പങ്കാളിത്തം, നാഷണൽ ഹെറാൾഡ് ഏറ്റെടുത്തതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ എന്നിവയെ കുറിച്ചും സോണിയയോട് ഇഡി ചോദിച്ചിരുന്നു. സോണിയയുടെ മൊഴി പരിശോധിച്ച ശേഷം രാഹുൽ ഗാന്ധിയെ വീണ്ടും ചോദ്യം ചെയ്‌തേക്കുമെന്നാണ് സൂചന.