മഹാരാഷ്ട്രയിൽ വിശ്വാസം തെളിയിച്ച് മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ


മഹാരാഷ്ട്രയിൽ വിശ്വാസം തെളിയിച്ച് മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ. ഇന്ന് നടന്ന വിശ്വാസവോട്ടെടുപ്പിൽ 164 പേരുടെ പിന്തുണ നേടിയാണ് ഷിൻഡെയുടെ ജയം. 40 ശിവസേന എംഎൽഎമാരുടെ പിന്തുണയും ഷിൻഡെയ്ക്കു ലഭിച്ചു. 143 പേരുടെ പിന്തുണയാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടിയിരുന്നത്. 99 അംഗങ്ങൾ എതിർത്ത് വോട്ട് ചെയ്തു. മൂന്ന് അംഗങ്ങൾ വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നു. അപ്രതീക്ഷിത രാഷ്ട്രീയനീക്കത്തിനൊടുവിലാണ് വിമത ശിവസേനാ നേതാവ് ഏക്നാഥ് ഷിൻഡെ മുഖ്യമന്ത്രിയായി അധികാരത്തിലെത്തിയത്. മഹാരാഷ്ട്രയുടെ ഇരുപതാമത്തെ മുഖ്യമന്ത്രിയാണു ഷിൻഡെ. ഉപമുഖ്യമന്ത്രിയായി ബിജെപി നേതാവ് ദേവേന്ദ്ര ഫട്നാവിസുമാണ് ചുമതലയേറ്റത്. മന്ത്രിസഭാ വികസനം പിന്നീടു നടക്കും. 

ഞായറാഴ്ച നടന്ന സ്പീക്കർ തെരഞ്ഞെടുപ്പിലും 164 പേരുടെ വോട്ട് ബിജെപി സഖ്യത്തിന് കിട്ടിയിരുന്നു. അതേസമയം ചീഫ് വിപ്പായി ഭരത് ഗഗവാലയെ സ്പീക്കർ അംഗീകരിച്ചതിന് എതിരെ ശിവസേന സുപ്രീംകോടതിയെ സമീപിച്ചു. എന്നാൽ ഹർജി അടിയന്തരമായി കേൾക്കാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഈ മാസം 11ന് മറ്റ് ഹർജികൾക്കൊപ്പം ശിവസേനയുടെ ഹർജിയും കേൾക്കും.

You might also like

Most Viewed