‘പേരറിവാളനോട് കേന്ദ്രസർ‍ക്കാരിന് വിവേചനം’; വിമർശനവുമായി സുപ്രിംകോടതി


രാജീവ് ഗാന്ധി വധക്കേസ് പ്രതി എ.ജി. പേരറിവാളനോട് കേന്ദ്രസർ‍ക്കാർ‍ വിവേചനം കാണിക്കുന്നുവെന്ന വിമർ‍ശനവുമായി സുപ്രിംകോടതി. പേരറിവാളന്റെ മോചനം സംബന്ധിച്ച് കൃത്യമായി വാദം പറയാൻ കേന്ദ്രസർ‍ക്കാർ‍ തയ്യാറാകുന്നില്ലെന്ന് സുപ്രിംകോടതി ചൂണ്ടിക്കാട്ടി.

കോടതി നേരിട്ട് മോചന ഉത്തരവിടാമെന്ന് ജസ്റ്റിസ് എൽ‍ നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. കേന്ദ്രസർ‍ക്കാർ‍ എന്തിനാണ് ഗവർ‍ണറെ പ്രതിരോധിക്കുന്നതെന്നും രാഷ്ട്രപതിയുടെ തീരുമാനം എന്തായാലും കോടതിയെ ബാധിക്കില്ലെന്നും സുപ്രിംകോടതി വ്യക്തമാക്കി. ജയിൽ‍ മോചനം ആവശ്യപ്പെട്ടുള്ള പേരറിവാളന്റെ ഹർ‍ജി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.

പേരറിവാളനെ മോചിപ്പിക്കണമെന്ന മന്ത്രിസഭാ തീരുമാനത്തിന് ഗവർ‍ണർ‍ തടസം നിന്നുവെന്നാണ് തമിഴ്നാട് സർ‍ക്കാർ‍ കോടതിയെ അറിയിച്ചത്. മന്ത്രിസഭാ ശുപാർ‍ശ രാഷ്ട്രപതിക്ക് അയച്ച ഗവർ‍ണറുടെ നടപടി ഭരണഘടനയ്ക്ക് എതിരാണ്. രാഷ്ട്രപതിക്കോ, ഗവർ‍ണർ‍ക്കോ മന്ത്രിസഭാ തീരുമാനത്തെ ചോദ്യം ചെയ്യാൻ കഴിയില്ലെന്നും തമിഴ്നാട് സർ‍ക്കാർ‍ വ്യക്തമാക്കി. ജയിൽ‍ മോചനമാവശ്യപ്പെട്ട് രാജീവ് ഗാന്ധി വധക്കേസ് പ്രതി എ.ജി. പേരറിവാളൻ സമർ‍പ്പിച്ച ഹർ‍ജി പരിഗണിക്കുകയായിരുന്നു സുപ്രിംകോടതി.

പേരറിവാളന്റെ ദയാഹർ‍ജിയിൽ‍ തീരുമാനം വൈകുന്നതിൽ‍ സുപ്രിംകോടതി രൂക്ഷവിമർ‍ശനമുന്നയിച്ചിരുന്നു. മന്ത്രിസഭയുടെ ശുപാർ‍ശയിൽ‍ തമിഴ്നാട് ഗവർ‍ണർ‍ മൂന്നര വർ‍ഷത്തിലധികം തീരുമാനമെടുക്കാതെ വച്ചതിൽ‍ കോടതി രോഷം പ്രകടിപ്പിച്ചു. മോചനക്കാര്യത്തിൽ‍ ഗവർ‍ണർ‍ക്ക് വിയോജിപ്പുണ്ടായിരുന്നെങ്കിൽ‍ ക്യാബിനറ്റിന് തിരിച്ചയക്കണമായിരുന്നുവെന്നും, രാഷ്ട്രപതിക്കല്ല അയക്കേണ്ടതെന്നും കോടതി പറഞ്ഞിരുന്നു.

You might also like

  • Straight Forward

Most Viewed